ഡബ്ലിൻ: അയർലൻഡിന്റെ പത്താമത്തെ പ്രസിഡന്റായി അധികാരത്തിലേറി ഇടതുപക്ഷക്കാരിയായ കാതറിൻ കോണോളി. തീവ്ര വലതുപക്ഷത്തെയും അവരുടെ കുടിയേറ്റ വിരുദ്ധ അജണ്ടയെയും ചെറുക്കുമെന്ന് കാതറിൻ കോണോളി പ്രഖ്യാപിച്ചു.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തന്റെ വലതുപക്ഷ എതിരാളിയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ ഹീതർ ഹംഫ്രീസിനെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തോടെയായിരുന്നു കാതറിൻ കോണോളിയുടെ വിജയം.
വളരെക്കാലമായി ഫലസ്തീനികളെ പിന്തുണച്ച് സംസാരിക്കുകയും യുറോപ്യൻ യൂണിയന്റെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നയാളാണ് കാതറിൻ കോണോളിയെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗസയിലെ യുദ്ധത്തിനെതിരെയും നാറ്റോ ചെലവുകളെക്കുറിച്ചും ശബ്ദമുയർത്തിയ ജനപ്രിയ പ്രസിഡന്റായ മൈക്കൽ ഡി. ഹിഗ്ഗിൻസിന്റെ പിൻഗാമിയായാണ് കോണോളി ചുമതലയേൽക്കുക.
വൈവിധ്യത്തെ സംരക്ഷിക്കുമെന്നും സമാധാനത്തിന്റെ ശബ്ദമായി പ്രവർത്തിക്കുമെന്നും അവർ തന്റെ വിജയപ്രസംഗത്തിൽ പറഞ്ഞു.
‘എല്ലാവരെയും വിലമതിക്കുന്നു. നമ്മുടെ രാജ്യത്തേക്ക് വന്ന പുതിയ ആളുകളെ സംരക്ഷിക്കാനായി ഒരു പുതിയ റിപ്പബ്ലിക്കിനെ നമുക്ക് ഒരുമിച്ച് രൂപപ്പെടുത്താൻ കഴിയും. ഞാൻ നിങ്ങളെ ഒരുപോലെ ഉൾകൊള്ളുന്ന പ്രസിഡന്റ് ആയിരിക്കും,’ അവർ പറഞ്ഞു.
പാശ്ചാത്യ സൈനികതയിൽ നിന്നും ഐറിഷ് നിഷ്പക്ഷതയെ സംരക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സാധുവായ വോട്ടുകളുടെ 63.4 % റെക്കോർഡ് നേടിയാണ് കോണോളി വിജയിച്ചത്.
വംശഹത്യ ആരോപണങ്ങളിൽ ഡൊണാൾഡ് ട്രംപുമായി കൂടികാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് അവർ പ്രതികരിച്ചു. ‘വെറുമൊരു കൂടിക്കാഴ്‌ചയാണെങ്കിൽ ഞാൻ അദ്ദേഹത്തെ കാണും എന്നാൽ ചർച്ചചെയ്യുന്നത് വംശഹത്യ ആണെങ്കിൽ അത് വ്യത്യസ്തമായൊരു കാര്യമാണ്,’ കോണോളി പറഞ്ഞു.
നേരത്തെ ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളെയും അവർ വിമർശിച്ചിരുന്നു. സെപ്റ്റംബറിൽ ഹമാസിനെ ഫലസ്തീൻ ജനതയുടെ ഭാഗമെന്ന് വിശേഷിപ്പിച്ചതിന് കോണോളിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനുശേഷം ഹമാസിന്റെ നടപടികളെ താൻ പൂർണമായും അപലപിക്കുന്നെന്ന് അവർ പറഞ്ഞു.
ഉക്രൈനിൽ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വളർന്നുവരുന്ന യൂറോപ്യൻ യൂണിയന്റെ സൈനികവൽക്കരണത്തെയും അവർ ആവർത്തിച്ച് വിമർശിച്ചിരുന്നു.
യൂറോപ്യൻ യൂണിയനെ ശക്തമായി പ്രതിരോധിക്കുമെന്നും അയർലണ്ടിന്റെ സൈനിക നിഷ്പക്ഷതയെ സംരക്ഷിക്കുമെന്നും കോണോളി പറഞ്ഞു.
Content Highlight: Left-wing Catherine Connolly has been sworn in as the tenth President of Ireland