| Tuesday, 10th April 2018, 11:27 am

ബംഗാളില്‍ തൃണമൂലിനെതിരെ ബി.ജെ.പിയും സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നു; ബി.ജെ.പിക്ക് സ്വാധീനമുള്ളിടത്ത് സീറ്റ് വിട്ടുനല്‍കുമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന സഖ്യം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പഞ്ചായത്ത് തലത്തില്‍ കുറഞ്ഞത് 42,000 സീറ്റുകളിലെങ്കിലും ഈ പാര്‍ട്ടികള്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ മറന്ന് ഒരുമിച്ച് മത്സരിച്ചേക്കുമെന്നാണ് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

നേരത്തെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് മത്സരിച്ചിരുന്നു. മെയില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ ഐക്യം ആവര്‍ത്തിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കൂട്ടത്തിലേക്ക് ബി.ജെ.പിയെക്കൂടി ഉള്‍പ്പെടുത്തുന്നത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കും.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ ബംഗാളിന്റെ ഗ്രാമീണ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതിപക്ഷ റാലികള്‍ വളരെയധികം ഉണ്ടായിട്ടുണ്ടെന്നും ഇതിനു പിന്നാലെയാണ് ഇത്തരമൊരു ഐക്യം രൂപപ്പെട്ടതെന്നുമാണ് ദ പയനീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിര്‍ഭുമിലെ മുഹമ്മദ് ബസാര്‍, ജാര്‍പൈഗുരി ജില്ലയിലെ ബൂണ്‍ഡോക്‌സ്, കിഴക്കന്‍ മിഡ്‌നാപൂരിലെ ഭഗവാന്‍പൂര്‍- എഗ്ര മേഖലയിലെ റാലികള്‍ ഇതിന് ഉദാഹരണങ്ങളായി പയനീര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


Also Read:കോര്‍പറേറ്റ്-ഭരണകൂട അനുകൂല മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ച ദിഗ് വിജയ് സിങ്ങിന്റെ ‘ദണ്ഡിയാത്ര’


ഇതേത്തുടര്‍ന്ന് ബി.ജെ.പിക്ക് 65ഉം ഇടതുമുന്നണിക്ക് 45ഉം തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടും കോണ്‍ഗ്രസിന് പത്തും നാമിനിര്‍ദേശ പത്രിക ഫയല്‍ ചെയ്യാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബസാറിലെ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 28 പേര്‍ ബി.ജെ.പി, സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് അറിയില്ല. എന്നാല്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ നമുക്ക് അവരുടെ താല്‍പര്യം അംഗീകരിക്കേണ്ടിവരും.” എന്നാണ് ഈ ഐക്യത്തെക്കുറിച്ച് ഒരു സി.പി.ഐ.എം സംസ്ഥാന നേതാവ് പറഞ്ഞതെന്ന് പയനീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

“നമ്മള്‍ ആദ്യം അതിജീവിക്കും, അതിനുശേഷമേ പ്രത്യയശാസ്ത്രം ആലോചിക്കൂ. ഒരാള്‍ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഞങ്ങള്‍ മത്സരിക്കും. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളയിടത്ത് അവര്‍ക്ക് ഞങ്ങള്‍ ഒരുസീറ്റ് വിട്ടുനല്‍കും. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും സ്വാധീനമുള്ളിടത്ത് അവരുടെ ആളുകളെ നാമനിര്‍ദേശം ചെയ്യും.” എന്നാണ് ഒരു സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗം പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss: വരാപ്പുഴ ഹര്‍ത്താല്‍: യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; മര്‍ദ്ദനം പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി


നേരത്തെ മുന്‍ എം.പി കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.പി ബസുദേവ് ആചാര്യ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയവേ ബി.ജെ.പി നേതാവ് സത്യനാഥന്‍ ബസു സന്ദര്‍ശിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവേയാണ് അദ്ദേഹവും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടത്.

മെയ്യില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പൊകുന്ന പ്രതിപക്ഷ കക്ഷികളിലുള്ളവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ ബംഗാളില്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more