| Tuesday, 10th June 2025, 7:55 am

മാവോയിസ്റ്റ് വേട്ട; സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ കൂട്ടക്കുരുതി അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടത് പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടതുപക്ഷ പാര്‍ട്ടികള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോയിസ്റ്റുകള്‍ നിരന്തരം പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ ‘ഓപ്പറേഷന്‍ കഗര്‍’ എന്ന പേരില്‍ മാവോയിസ്റ്റുകളെ കൊന്നൊടുക്കുകയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇടതുപക്ഷ നേതാക്കള്‍ ആരോപിച്ചു. ഇത് ഉടന്‍ അവസാനിപ്പിച്ച് മാവോയിസ്റ്റുകളോട് നിരന്തരം ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.രാജ, സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

നിരവധി മാവോയിസ്റ്റ് നേതാക്കള്‍ ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു. ഭരണഘടനയിലെ ഷെഡ്യൂള്‍ അഞ്ചില്‍ പറഞ്ഞിരിക്കുന്ന ആദിവാസികളുടെ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുകയാണ്.

ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സൈനിക വത്ക്കരണത്തെക്കുറിച്ച് വളരെ നാളുകളായി പരാതിയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ വനമേഖലകളില്‍ കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുകയാണ്. വനങ്ങളും ധാതുക്കളുമെല്ലാം കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

മാവോയിസ്റ്റുകളെ കേള്‍ക്കാന്‍ പോലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സമയപരിധി ഓര്‍മിപ്പിച്ചുള്ള സംഭാഷണങ്ങളും ചര്‍ച്ചയുടെ ആവശ്യമില്ല എന്ന മുഖ്യമന്ത്രി വിഷ്ണു ഡിയോ സായിയുടേയും പ്രസ്താവന.

മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാനും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലില്‍ സി.പി.ഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നംബാല കേശവറാവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളും കൊല്ലപ്പെട്ടു.

ഏകപക്ഷീയമായ വെടിനിര്‍ത്തലെന്ന മാവോയിസ്റ്റുകളുടെ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് നേരത്തെ തന്നെ പലപാര്‍ട്ടികളും പ്രമുഖരും നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.

അഞ്ച് ഇടതുപക്ഷകക്ഷികൾ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന്റെ മലയാളരൂപം താഴെ കൊടുക്കുന്നു.

പ്രിയ പ്രധാനമന്ത്രി
രാജ്യത്തെ അഞ്ച് ഇടതുപക്ഷ പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ലിബറേഷൻ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പേരിൽ, ഓപ്പറേഷൻ കാഗറിന്റെ പേരിൽ ഛത്തീസ്ഗഢിന് ചുറ്റുമുള്ള പ്രദേശത്ത് നടക്കുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ താങ്കൾക്ക് എഴുതുന്നു.
നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ നിലവിൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അവരെയെല്ലാം കോടതിയിൽ ഹാജരാക്കുകയും നിയമവാഴ്ച പ്രകാരം നടപടിയെടുക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പ്രദേശത്തെ സൈനികവൽക്കരണത്തെക്കുറിച്ച് അവിടത്തെ ആദിവാസികൾ വളരെക്കാലമായി പരാതിപ്പെടുന്നു, ഇത് സാധാരണ ജീവിതത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ആദിവാസി അവകാശങ്ങൾ വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുകയും ഛത്തീസ്ഗഢിലെ വനങ്ങളും ധാതുക്കളും വിവേചനരഹിതമായ കോർപ്പറേറ്റ് ചൂഷണത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു.
ഇത് പരിസ്ഥിതി സ്ഥിരതയ്ക്കും തദ്ദേശവാസികളുടെ ഉപജീവനമാർഗ്ഗത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആദിവാസികളോട് അനിയന്ത്രിതമായ ശത്രുതയോടെ പെരുമാറുന്ന ഈ സൈനിക സമീപനം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ താങ്കളോട് അഭ്യർത്ഥിക്കുന്നു.
മരണശേഷവും ഈ ശത്രുത പ്രകടമാണ്. മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറാൻ സർക്കാർ വിസമ്മതിക്കുകയും കുടുംബാംഗങ്ങൾക്ക് മാന്യമായ വിടവാങ്ങൽ നൽകാനുള്ള അവരുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
ചർച്ചയ്ക്കുള്ള തങ്ങളുടെ അഭ്യർത്ഥന പരിഗണിക്കണമെന്ന് മാവോയിസ്റ്റുകൾ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ, കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും ചർച്ചകളിലൂടെ പരിഹാരം തേടാൻ തീരുമാനിച്ചില്ല. പകരം, കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് അവർ പിന്തുടരുന്നത്.
സമയപരിധി ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവനകളും ചർച്ചയുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്ത ഒരു മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. നിയമവാഴ്ചയിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യരുത്.
രാജ്യത്തെ നിയമത്തിന്റെയും ജനാധിപത്യ ഭരണ തത്വങ്ങളുടെയും അന്തസ്സിനു വിരുദ്ധമായി മനുഷ്യജീവനുകൾ എടുക്കുന്നതിനെ ആഘോഷിക്കരുത്. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും, നിരവധി പൗരന്മാരും രാഷ്ട്രീയ പാർട്ടികളും മാവോയിസ്റ്റുകളുടെ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപനത്തോട് പ്രതികരിക്കാനും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഒരു സംഭാഷണം ആരംഭിക്കാനും സർക്കാരിനോട് ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള കൊലപാതകങ്ങളും അക്രമങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഞങ്ങൾ താങ്കളോട് വീണ്ടും അഭ്യർത്ഥിക്കുന്നു.
ആത്മാർത്ഥതയോടെ നന്ദി,
എം. എ ബേബി ജനറൽ സെക്രട്ടറി, സി.പി.ഐ.എം
ഡി. രാജ ജനറൽ സെക്രട്ടറി, സി.പി.ഐ
ദീപാങ്കർ ഭട്ടാചാര്യ ജനറൽ സെക്രട്ടറി, സി.പി.ഐ(എം.എൽ)- ലിബറേഷൻ
മനോജ് ഭട്ടാചാര്യ ജനറൽ സെക്രട്ടറി, ആർ.എസ്.പി
ജി ദേവരാജൻ ജനറൽ സെക്രട്ടറി, എ.ഐ.എഫ്.ബി

Content Highlight: Left party leaders writes letter to PM Modi to stop maoist attack

We use cookies to give you the best possible experience. Learn more