| Wednesday, 11th February 2026, 6:58 am

മുസ്‌ലിങ്ങളെ പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കുന്ന വീഡിയോ; അസം മുഖ്യമന്ത്രിക്കെതിരെ ഇടതുപാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: തുടര്‍ച്ചയായി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സി.പി.ഐ.എം, സി.പി.ഐ പാര്‍ട്ടികള്‍. ജനുവരി 27ന് നടത്തിയ വിദ്വേഷ പ്രസംഗവും അസം ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച മുസ്‌ലിങ്ങളെ പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കുന്ന വീഡിയോയും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികളുടെ ഹരജി.

ഹരജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് അറിയിച്ചു. സി.പി.ഐ.എം നേതാവ് സുഭാഷിണി അലിയും സി.പി.ഐ നേതാവ് ആനി രാജയുമാണ് ഹരജിക്കാര്‍.

സത്യപ്രതിജ്ഞാ ലംഘനവും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ശത്രുത വര്‍ധിപ്പിക്കുന്നതുമാണ് അസം മുഖ്യമന്ത്രിയുടെ നടപടികളെന്ന് ഹരജിയില്‍ സി.പി.ഐ.എം തൂണ്ടിക്കാട്ടി.

അസമിലെ അഞ്ച് ലക്ഷം മിയ മുസ്‌ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കുമെന്നും അവര്‍ക്കെതിരെ താനും ബി.ജെ.പിയും പോ
രാടുകയാണെന്നുമാണ് ജനുവരി 27ന് നടന്ന പൊതുസമ്മേളനത്തില്‍ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. മുസ്‌ലിങ്ങളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളിലൊന്നാണ് മിയ എന്നത്.

ഫെബ്രുവരി ഏഴിനാണ് ബി.ജെ.പിയുടെ അസം ഘടകം തങ്ങളുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലില്‍ പോയിന്റ് ബ്ലാങ്ക് എന്ന ക്യാപ്ഷനോടെ ഹിമന്ത മുസ്‌ലിങ്ങളെ വെടിവെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ വീഡിയോ നീക്കം ചെയ്തിരുന്നു.

എന്നാല്‍ ഇത്തരത്തിലൊരു വീഡിയോയെ സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ഹിമന്ത പറഞ്ഞത്.

‘ഒരു വീഡിയോയെക്കുറിച്ചും എനിക്കൊന്നും തന്നെ അറിയില്ല. എനിക്കെതിരെ എന്തെങ്കിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. എനിക്കൊരു എതിര്‍പ്പുമില്ല, ഞാന്‍ ജയിലില്‍ പോവാന്‍ തയ്യാറാണ്.

ഞാന്‍ എപ്പോഴും എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കും. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ എതിര്‍ക്കുന്നു. അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും,’ എന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അസം മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അംസ മുഖ്യമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ സി.പി.ഐ.എം ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നിലോല്‍പല്‍ ബസു, മറിയം ധാവ്‌ളെ, ആര്‍. അരുണ്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ബൃന്ദ കാരാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്വേഷ പരാമര്‍ശങ്ങളിലൂടെ ഭരണഘടനയ്ക്ക് നേരെയാണ് ഹിമന്ത നിറയൊഴിക്കുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിമന്തയെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Content Highlight: Left parties have approached the Supreme Court against Assam Chief Minister for making hate speeches targeting the Muslim community.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more