| Thursday, 17th September 2026, 10:36 am

ഇടതുപക്ഷത്തിന് മുന്നേറ്റം; സ്വീഡൻ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന് കനത്ത തിരിച്ചടി

ശ്രീലക്ഷ്മി പി.പി

സ്റ്റോക്ക്ഹോം: സ്വീഡൻ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വലതുപക്ഷ സഖ്യത്തെ അട്ടിമറിച്ച് സെന്റർ-ലെഫ്റ്റ് പ്രതിപക്ഷ മുന്നണി അധികാരത്തിലേക്ക്. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മുൻ പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സന്റെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു.

349 അംഗ സ്വീഡിഷ് പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 175 സീറ്റുകൾ ആവശ്യമായിരിക്കെ, സെന്റർ-ലെഫ്റ്റ് സഖ്യം 176 സീറ്റുകൾ നേടി മുന്നിലെത്തിയതായാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ പാർട്ടിയായ സ്വീഡൻ ഡെമോക്രാറ്റ്സ് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 11 സീറ്റുകൾ നഷ്ടപ്പെട്ട് പാർട്ടി 62 സീറ്റുകളിലേക്ക് ഒതുങ്ങി.

അതേസമയം, മഗ്ദലേന ആൻഡേഴ്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 28 ശതമാനം വോട്ടോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നുണ്ടെങ്കിലും അവരുടെ സ്വന്തം വോട്ട് വിഹിതത്തിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ സഖ്യകക്ഷികളായ ലെഫ്റ്റ് പാർട്ടി, ഗ്രീൻ പാർട്ടി, സെന്റർ പാർട്ടി എന്നിവർ കൂടുതൽ സീറ്റുകൾ നേടിയതാണ് മുന്നണിയെ വിജയത്തിലേക്ക് നയിച്ചത്.

വലതുപക്ഷ സഖ്യത്തിലെ മോഡറേറ്റ്സ് 19.9 ശതമാനവും സ്വീഡൻ ഡെമോക്രാറ്റ്സ് 17.5 ശതമാനവും വോട്ടുകൾ നേടി.

കുടിയേറ്റ നിയന്ത്രണങ്ങളിലും ക്രമസമാധാന വിഷയങ്ങളിലും കടുത്ത നിലപാടുകളുമായി മുന്നോട്ടുപോയ ഉൽഫ് ക്രിസ്റ്റേഴ്സൻ സർക്കാരിന് ഈ ജനവിധി കനത്ത പ്രഹരമായി മാറി. രണ്ട് മുന്നണികളും തമ്മിൽ 26,000-ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

വിദേശത്തുനിന്നും തപാൽ വഴിയുമുള്ള ശേഷിക്കുന്ന വോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചുവരികയാണെന്നും വ്യാഴാഴ്ചയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയാകൂ എന്നും അധികൃതർ വ്യക്തമാക്കി.

Content Highlight:Left Makes Gains; Far Right Suffers Major Setback in Sweden Election.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more