റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജയിലില്‍ എത്തി സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍. ബൃന്ദ കാരാട്ട്, ആനി രാജ, ജോസ് കെ. മാണി എന്നിവരെയാണ് ആദ്യഘട്ടത്തില്‍ ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചത്. എ. എ റഹിം അടക്കമുള്ള നേതാക്കളെ അടുത്ത ബാച്ചില്‍ അകത്ത് പ്രവേശിപ്പിക്കും.
ഇന്ന് ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളെ സംഘം റായ്പൂരില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. നേതാക്കളെ റായ്പൂരില്‍ നിന്ന് ജയിലിലേക്ക് പൊലീസ് സംരക്ഷണയോടെയായിരുന്നു എത്തിച്ചത്.
ഇന്നലെയും ഇടത് നേതാക്കള്‍ ജയിലിന് മുന്നില്‍ എത്തിയെങ്കിലും അവരെ കന്യാസ്ത്രീകളെ കാണാന്‍ അനുവദിക്കാതെ മടക്കിയയ്ക്കുകയായിരുന്നു.
കന്യാസ്ത്രീകളെ സന്ദർശിച്ചതിന് ശേഷം സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ഇടതുനേതാക്കൾ രംഗത്തെത്തി. ഭരണകൂടത്തിന്റെ അനീതിയെന്ന് ജോസ്.കെ. മാണി പറഞ്ഞു. കന്യാസ്ത്രീകൾ അപമാനിക്കപ്പെട്ടെന്നും അങ്ങേയറ്റം മോശമായ വാക്കുകൾ കന്യാസ്ത്രീകളോട് പ്രയോഗിച്ചുവെന്നും ബൃന്ദാ കാരാട്ട് പറയുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഇതെന്നും വിഷയം വീണ്ടും പാർലമെന്റിൽ ഉന്നയിക്കുമെന്നും അവകാശങ്ങൾ കാറ്റിൽ പറത്തിയെന്നും കെ. രാധാകൃഷ്ണൻ എം.പിയും പറഞ്ഞു. ജയിൽ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകൾക്കായി ഹാജരാകുന്നത് ബി.ജെ.പി ബന്ധമുള്ള അഭിഭാഷകൻ രാജ്‌കുമാർ തിവാരിയാണ്. ബി.ജെ.പി നിലപാട് മയപ്പെടുത്തിയതായാണ് സൂചന. ദൽഹിയിൽ നിന്നും സി.ബി.സി.ഐ സംഘം റായ്‌പൂരിലെത്തി. ക്രൈസ്തവ സഭകളുടെ പ്രതിഷേധ മാർച്ച് ഇന്ന്.
Content Highlight: Left leaders visit Malayali nuns arrested in Chhattisgarh jail