| Monday, 22nd June 2026, 9:04 pm

ജനം വീട്ടിലിരുത്തിയവരോട് ആര് മറുപടി പറയാനെന്ന് മുരളീധരൻ; എട്ട് നിലയിൽ പൊട്ടിയ തോൽവികൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഇടത് ഹാൻഡിലുകൾ

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മന്ത്രി വീണ ജോർജിനെ പരിഹസിച്ച ആരോ​ഗ്യമന്ത്രി കെ. മുരളീധരനെ്‍റ മുൻകാല തോൽവികൾ ഓർമിപ്പിച്ച് ഇടത് ഹാൻ‍ഡിലുകൾ.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാറിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച വീണ ജോർജിന് മറുപടിയെന്നോണമായിരുന്നു മുരളീധരന്റെ പരാമർശം.

‘ജനം വീട്ടിലിരുത്തിയവരോട് ആര് മറുപടി പറയാൻ, പോയി പണി നോക്കട്ടെ’ എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോടുള്ള ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന്റെ പഴയകാല തെരഞ്ഞെടുപ്പ് പരാജയങ്ങൾ അക്കമിട്ട് നിരത്തി ഇടത് ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടത്.

കേരളത്തിൽ യു.ഡി.എഫ് തരം​ഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുതലങ്ങോട്ടുള്ള തോൽവികൾ ഇടത് സെെബർ ഹാൻഡിലുകൾ ഓർമിപ്പിക്കുന്നു.

2004ൽ മന്ത്രിയായിരിക്കവെ മത്സരിച്ച് തോറ്റ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും, ഡി.ഐ.സി (കെ) രൂപീകരിച്ച് 2006ൽ കൊടുവള്ളിയിൽ തോറ്റതും 2009ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പരാജയവും 2021ൽ നേമത്ത് വി. ശിവൻകുട്ടിയോട് പരാജയപ്പെട്ടതുമെല്ലാം ഇടത് ഹാൻഡിലുകൾ ഉയർത്തിക്കാട്ടുന്നു.

ഇങ്ങനെ പലതവണ തോറ്റ് വീട്ടിലിരിക്കുന്ന കാലത്ത് കെ. മുരളീധരൻ രാഷ്ട്രീയ അഭിപ്രായങ്ങളും വിമർശനങ്ങളും നടത്തിയിട്ടുണ്ടെങ്കിൽ വീണാ ജോർജിന് അത് ആയിരം തവണ നടത്താമെന്നും ഇവർ പറയുന്നു.

“ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് വാ തുറക്കാൻ പറ്റില്ലേൽ കേരളത്തിൽ തന്നെ റെക്കോഡ് തോൽവികളേറ്റ് വാങ്ങിയ അച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിലെത്തിയ കെ. മുരളീധരൻ മുതൽ – മുതു മുത്തച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിലെത്തി, അപ്പനപ്പൂപ്പന്മാർ കൈവശം വച്ച് അനുഭവിച്ചു പോന്ന കുടുംബ മണ്ഡലത്തിൽ അര ലക്ഷം വോട്ടിന് തോല്പിച്ച് വീട്ടിലിരുത്തിയ രാഹുൽ ഗാന്ധിക്ക്‌ വരെ അത് ബാധകമാവു”മെന്നും ഇവർ പരിഹസിക്കുന്നു.

പല പ്രയാസങ്ങൾക്കും വെല്ലുവിളികൾക്കുമിടയിലും അഞ്ച് വർഷം ആരോഗ്യ വകുപ്പ് ഭരിച്ച് എക്സ്പീരിയൻസുള്ള മുൻ മന്ത്രിയാണ് വീണ ജോർജ്. അവരുടെ അനുഭവങ്ങളേയും വിമർശനങ്ങളേയും പൊസിറ്റീവായി ഉൾകൊള്ളുക, രാഷ്ട്രീയ വിമർശനങ്ങളോട് രാഷ്ട്രീയമായി മാത്രം മറുപടി പറയണമെന്നും ഇവർ പറയുന്നു.

Content Highlight: Left cyber handles remind K. Muraleedharan of his election defeats after mocking Veena George

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more