| Saturday, 7th February 2026, 8:38 am

300 ഓളം സിറിയൻ തടവുകാരെ കൈമാറാനൊരുങ്ങി ലെബനൻ; കരാറിൽ ഒപ്പുവച്ചു

മുഹമ്മദ് നബീല്‍

ദമസ്കസ്: ലെബനനിൽ നിന്നും 300 ഓളം സിറിയൻ തടവുകാരെ കൈമാറുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ലെബനൻ ഉപ പ്രധാനമന്ത്രി താരിഖ് മിത്രി, സിറിയൻ നീതിന്യായ മന്ത്രി മസ്സർ അൽ വൈസി എന്നിവർ ചേർന്ന് ബെയ്‌റൂട്ടിൽ നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു തടവുകാരെ കൈമാറുന്ന പ്രഖ്യാപനം.

‘ഈ കരാർ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തെയും വിശ്വാസത്തെയും ഊട്ടിയുറപ്പിക്കുന്നതും രാഷ്ട്രീയ ഇച്ഛാ ശക്തിയെ പ്രതിഫലിപ്പിക്കുന്നതുമാണ്,’ താരിഖ് മിത്രി പറഞ്ഞു.

സിറിയൻ സംഘർഷ കാലത്ത് ലെബനനിൽ തടവിലാക്കപ്പെട്ടവരെ ജയിൽ മോചിതരാകുകയാണ് ഈ കരാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘സിറിയൻ തടവുകാരുടെ രേഖകൾ സങ്കീർണമാണ്. അത് എളുപ്പത്തിൽ പരിഹരിക്കുക സാധ്യമല്ല, രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ഈ കരാർ,’ അൽ വൈസി പറഞ്ഞു.

നിലവിലെ കരാറിൽ ഉൾപെടാത്തവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതക കുറ്റമൊഴികെ മറ്റ് കുറ്റങ്ങളിൽ ജയിലിൽ കഴിയുന്നവരെ കൈമാറുമെന്ന് 2025 ഒക്ടോബറിൽ ലെബനൻ സന്ദർശിച്ച സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രഖ്യാപിച്ചിരുന്നു.

ആകെ 2500 ഓളം സിറിയൻ പൗരന്മാർ ലെബനനിലെ ജയിലിൽ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇത് ലെബനന്റെ മൊത്തം തടവുകാരുടെ മൂന്നിലൊന്ന് വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2024 ൽ സിറിയയിലെ അസദ് ഭരണകൂടം തകർന്നതിനു ശേഷം നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 2025 ൽ താരിഖ് മിത്രി സിറിയ സന്ദർശിക്കുകയും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

അറബ് വസന്തത്തിന്റെ അനുരണനങ്ങൾ ആഞ്ഞടിച്ച സിറിയയിൽ അഹമ്മദ് അൽ ഷാറ അട്ടിമറിയിലൂടെയായിയുന്നു അധികാരത്തിലേറിയത്.

Content Highlight:Lebanon, Syria agree to transfer over 300 Syrian prisoners to Damascus

 

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more