ബെയ്‌റൂട്ട്: തുടർച്ചയായ ഇസ്രഈൽ ആക്രമണവും ഉപരോധവും ലെബനനിലെ തെക്കൻ നഗരമായ ബിന്ത് ജ്ബെയ്ൽ ഗസയുടെ മറ്റൊരു പതിപ്പായി മാറ്റിയെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം.
ലെബനൻ യുദ്ധം തെരഞ്ഞെടുക്കുക അല്ലായിരുന്നു വെന്നും മറിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഘർഷങ്ങൾ കാരണം ലെബനന്റെ 68 ഗ്രാമങ്ങൾ ഇതിനോടകം ഇസ്രഈൽ നിയന്ത്രണത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകളെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നുണ്ടെന്ന് നവാഫ് സലാം പറഞ്ഞു. നയതന്ത്ര ചർച്ചകളിൽ ഇസ്രഈൽ സൈന്യത്തെ രാജ്യത്തുനിന്നും പിൻവലിക്കുന്നതിനായി ലെബനൻ കൃത്യമായ പദ്ധതികൾ ഇസ്രഈലിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ലെബനനും സിറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു തന്റെ സിറിയ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിറിയൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഫലങ്ങൾ രാജ്യത്തിന് ഉടൻ ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രഈൽ സംഘർഷത്തെ തുടർന്ന് വലിയ നാശ നഷ്ടങ്ങളാണ് ലെബനനിൽ സംഭവിച്ചുള്ളത്. ഇറാന്റെ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രഈലിന്റെ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ഇസ്രഈലിന്റെ ആക്രമണങ്ങളിൽ പ്രതികരിച്ചതോടെയാണ് സംഘർഷങ്ങളിൽ അയവുവന്നത്.
Content Highlight: Lebanon is becoming another version of Gaza; 68 villages under Israeli control: Prime Minister Nawaf Salam