തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തങ്ങളോട് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു എന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ സംസ്ഥാനത്ത് ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിലവിലുണ്ടായിരുന്നുവെന്നും നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്നവര്‍ക്ക് ലീവ് സറണ്ടര്‍ തുക പണമായി നല്‍കുകയും അതിനു മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ലീവ് സറണ്ടര്‍ പി.എഫില്‍ ചേര്‍ക്കാനുള്ള സൗകര്യം നല്‍കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ജി.ഒ (പി) നമ്പര്‍ 56/2026/ഫിന് ഡേറ്റഡ് 15.03.2026 ലൂടെ ലീവ് സറണ്ടര്‍ സൗകര്യം 31.05.2026 വരെ ദീര്ഘിപ്പിച്ചിരുന്നെന്നും 2026 ജൂണ്‍ ഒന്നു മുതല്‍ ലീവ് സറണ്ടര്‍ ഉത്തരവ് പുതുക്കി നല്‍കുന്നതിനായി വന്ന ഫയല്‍ നിരസിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും കെ.എന്‍. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
‘11.06.2026 ലെ 26/2026/ ഫിന് സര്‍ക്കുലറിലൂടെ 2026 ജൂണ്‍ 1 മുതലുള്ള ലീവ് സറണ്ടര്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടറുകള് നല്‍കേണ്ടതില്ല എന്നും വി.ഡി. സതീശന് സര്‍ക്കാര്‍ അറിയിച്ചു,’ അദ്ദേഹം പറഞ്ഞു.
2026 ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ സംസ്ഥാനത്ത് നഷ്ടപ്പെടുകയാണെന്നും ടെര്‍മിനര്‍ ലീവ് സറണ്ടര്‍ ചെയ്യാന്‍ കഴിയുന്ന, പരമാവധി 300 ദിവസത്തെ ലീവ് അധികരിച്ച ആളുകള്‍ക്കെല്ലാം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസംഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് അബദ്ധത്തില്‍ ചാടുന്നതിന് മുമ്പ് സ്വന്തം സര്‍വീസ് സംഘടനയിലെ ആളുകളോടെങ്കിലും സംസാരിച്ച് വസ്തുതകള്‍ മനസിലാക്കി വേണം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആളുകള്‍ സംസാരിക്കേണ്ടതെന്നും കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ലെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതിനുവേണ്ടി അല്പസമയം മുഖ്യമന്ത്രിക്ക് ചെലവാക്കാം എന്ന ഉപദേശമേ നല്കാനുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Leave Surrender: Former Finance Minister K.N. Balagopal responds to the Chief Minister