| Saturday, 18th April 2026, 2:32 pm

റൊണാള്‍ഡോയൊന്നുമല്ല, ഇദ്ദേഹം മികച്ച താരം; ബ്രസീലിയന്‍ ഇതിഹാസത്തെ തെരഞ്ഞെടുത്ത് പരേഡെസ്

ഫസീഹ പി.സി.

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും മികച്ച താരമാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ എന്ന് പലരും വാദിക്കാറുണ്ട്. എന്നാല്‍, അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡെസിന് വ്യത്യസ്മായ അഭിപ്രായമാണുള്ളത്.

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെയാണ് പരേഡെസ് മികച്ച താരമായി തെരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ മികച്ച താരമാണെന്നും ടീമിനെ വിജയിപ്പിക്കാന്‍ എല്ലായ്പ്പോഴും അദ്ദേഹത്തിന് സാധിക്കുമെന്നും എന്നാല്‍, കഴിവിന്റെ കാര്യത്തില്‍ നസാരിയോയാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെയാണ് പരേഡെസ് ഇക്കാര്യം പറഞ്ഞത്.

ലിയാന്‍ഡ്രോ പരേഡെസ്.

‘റൊണാള്‍ഡോ നസാരിയോ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ എനിക്ക് മികച്ച താരം. ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആര്‍.9നെയാണ്. കഴിവുകളുടെ കാര്യമെടുക്കുമ്പോള്‍ അവര്‍ അടുത്തെത്തുമോ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം എപ്പഴും ഇല്ല എന്ന് തന്നെയാവും.

സംശയമേതുമില്ല, ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അക്കാര്യം ഞാന്‍ നൂറ് ശതമാനവും ഞാന്‍ അംഗീകരിക്കുന്നു.

എന്നാല്‍ സ്വന്തം പെനാല്‍ട്ടി ഏരിയയില്‍ നിന്നും ഡ്രിബ്ലിങ് ആരംഭിച്ച്, ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്ന് ഗോള്‍ നേടാന്‍ സാധിക്കുന്ന ഒരു താരമല്ല അദ്ദേഹം,’ പരേഡെസ് പറഞ്ഞു.

ഫുട്‌ബോള്‍ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ഫുട്ബാളറാണ് റൊണാള്‍ഡോ നസാരിയോ. ബാഴ്‌സലോണയിലൂടെയും റയല്‍ മാഡ്രിഡിലും സ്‌പെയിനില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

റൊണാള്‍ഡോ നസാരിയോ.

നസാരിയോ ഇതേമികവ് ഇറ്റലിയും തുടര്‍ന്നു. എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് ബ്രസീലിയന്‍ ഇതിഹാസം ഇറ്റലിയില്‍ കളത്തിലിറങ്ങിയത്. ക്ലബ് തലത്തില്‍ താരം 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയിട്ടുണ്ട്.

ക്ലബ്ബ് തലത്തില്‍ താരം രണ്ട് ലാ ലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീലിയന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവയും കരസ്ഥമാക്കി.

ദേശീയ ടീമായ ബ്രസീലിന്റെ മഞ്ഞ കുപ്പായത്തില്‍ നസാരിയോ 98 മത്സരങ്ങളില്‍ 62 ഗോളും സ്‌കോര്‍ ചെയ്തു. ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം രണ്ട് തവണ ബാലണ്‍ ഡി ഓറും മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും നസാരിയോ നേടി.

Content Highlight: Leandro Paredes selects Ronaldo Nazario ahead of Cristiano Ronlado

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more