ലീഗസ് കപ്പ് സെമി ഫൈനലില്‍ ഓര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി ഇന്റര്‍ മയാമി ഫൈനലില്‍. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി വിജയിച്ചുകയറിയത്. 77ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു മെസിപ്പടയുടെ ഗംഭീര തിരിച്ചുവരവ്.
മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് മയാമി കളത്തിലിറങ്ങിയത്. സമാന ഫോര്‍മേഷനുമായി ഓര്‍ലാന്‍ഡോയും ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങി.
കൊണ്ടും കൊടുത്തും മുന്നേറിയ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറവിയെടുത്തത്. മാര്‍കോ പസലിച്ചിലൂടെ ഓര്‍ലാന്‍ഡോ ലീഡെടുത്തു. ഇതോടെ ആദ്യ പകുതിയില്‍ ഒറ്റ ഗോളിന്റെ ബലത്തില്‍ ഓര്‍ലാന്‍ഡോ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ ഹെറോണ്‍സിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടുക എന്നതായിരുന്നു ഓര്‍ലാന്‍ഡോയുടെ ലക്ഷ്യം. ആദ്യ പകുതി മുതല്‍ തന്നെ പുറത്തെടുത്ത പരുക്കന്‍ കളിയിലൂടെ തന്നെ ഓര്‍ലാന്‍ഡോ ആധിപത്യം നിലനിര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ഓര്‍ലാന്‍ഡോ 69 മിനിട്ടിനിടെ രണ്ട് തവണ കൂടി ബുക്ക് ചെയ്യപ്പെട്ടു.
മത്സരത്തിന്റെ 18ാം മിനിട്ടില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട ഡേവിഡ് ബ്രെക്കാലോ 75ാം മിനിട്ടില്‍ വീണ്ടും മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പര്‍പ്പിള്‍ ആര്‍മി പത്ത് പേരായി ചുരുങ്ങി. ഈ ഫൗളിന് ലഭിച്ച പെനാല്‍ട്ടി കൃത്യമായി വലയിലെത്തിച്ച മെസി മയാമിയെ ഒപ്പമെത്തിച്ചു.
89ാം മിനിട്ടില്‍ പിറന്ന മെസി മാജിക്കിലൂടെ മയാമി മത്സരത്തില്‍ ലീഡ് നേടി. ഓര്‍ലാന്‍ഡോ പ്രതിരോധ നിരയെ കബളിപ്പിച്ച് മെസി പന്ത് വലയിലെത്തിച്ചതോടെ ചെയ്‌സ് സ്‌റ്റേഡിയം ആവേശത്തിലാറാടി.
ഫൈനലില്‍ പ്രവേശിക്കാന്‍ ശേഷിക്കുന്ന സമയം ഗോള്‍ വഴങ്ങാതിരുന്നാല്‍ മാത്രം മതിയെന്നിരിക്കെ ആഡ് ഓണ്‍ ടൈമിന്റെ ഒന്നാം മിനിട്ടില്‍ (90+1) സെഗോവിയോ മയാമിയുടെ മൂന്നാം ഗോളും കണ്ടെത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മയാമി തങ്ങളുടെ രണ്ടാം ലീഗ്‌സ് കപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
2023ല്‍ നാഷ്‌വില്ലിനെ പരാജയപ്പെടുത്തിയാണ് മയാമി തങ്ങളുടെ ആദ്യ കിരീടമണിഞ്ഞത്. ഇരു ടീമിന്റെയും ഗോള്‍ കീപ്പര്‍മാര്‍ വരെ ഷോട്ട് എടുക്കേണ്ടി വന്ന ആവേശകരമായ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് കരുത്തരായ നാഷ്‌വില്ലിനെ ഹെറോണ്‍സ് പരാജയപ്പെടുത്തിയത്.
ഇപ്പോള്‍ തങ്ങളുടെ ചരിത്രത്തിലെ മൂന്നാം കിരീടമാണ് മയാമി ലക്ഷ്യമിടുന്നത്, മെസിയാകട്ടെ കരിയറിലെ 47ാം ടൈറ്റിലും. ഇതിന് ഹെറോണ്‍സിനും മെസിക്കും മുമ്പില്‍ പ്രതിബന്ധമായി നില്‍ക്കുന്നതാകട്ടെ കരുത്തരായ സിയാറ്റില്‍ സൗണ്ടേഴ്‌സും.
ഡിഗ്നിറ്റി ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന രണ്ടാം സെമിയില്‍ ലോസ് ആഞ്ചലസ് ഗാലക്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സൗണ്ടേഴ്‌സ് ഫൈനലിന് ടിക്കറ്റെടുത്തത്. പെഡ്രോ ഡി ലാ വേഗ, ഒസാസെ ഡി റൊസാരിയോ എന്നിവരാണ് സൗണ്ടേഴ്‌സിനായി ഗോള്‍ കണ്ടെത്തിയത്.
Content Highlight: Leagues Cup: Inter Miami defeats Orlando City and qualified to the final