2025 ലീഗ്‌സ് കപ്പ് ക്യാമ്പെയ്ന്‍ വിജയത്തോടെ ആരംഭിച്ച് ഇന്റര്‍ മയാമി. മെക്‌സിക്കന്‍ സൂപ്പര്‍ ക്ലബ്ബ് അറ്റ്‌ലസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയമാണ് ഹെറോണ്‍സ് സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കവെ മെസിയുടെ അസിസ്റ്റില്‍ മാഴ്‌സെലോ വെയ്ഗാന്റ് നേടിയ ഗോളിന്റെ കരുത്തിലാണ് മെസിപ്പട ലീഗ്‌സ് കപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൂസീയ് സുവാരസിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹാവിയര്‍ മഷറാനോ ഇന്റര്‍ മയാമിയെ കളത്തില്‍ വിന്യസിച്ചത്. മയാമി ജേഴ്‌സിയില്‍ റോഡ്രിഗോ ഡി പോളിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മറുവശത്ത് 3-4-3 എന്ന രീതിയില്‍ പരിശീലകന്‍ ഗോള്‍സാലോ പിനീഡ അറ്റ്‌ലസിനെ കളത്തിലിറക്കി.
ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിയില്‍ ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറി. എതിരാളികളുടെ ഓരോ മുന്നേറ്റത്തിനും കൗണ്ടര്‍ അറ്റാക് ചെയ്ത് ഗോള്‍മുഖം വിറപ്പിച്ചാണ് ഇരുവരും മത്സരം അനുനിമിഷം ആവേശകരമാക്കിയത്. ഇരുടീമിന്റെയും ഗോള്‍ കീപ്പര്‍മാര്‍ മികച്ച സേവുകളുമായും കളം നിറഞ്ഞതോടെ ചെയ്‌സ് സ്‌റ്റേഡിയം ആവേശത്തിലാറാടി.
57ാം മിനിട്ടില്‍ ടാലിസ്‌കോ സെഗോവിയയിലൂടെ മയാമി മുമ്പിലെത്തി. ലയണല്‍ മെസിയുടെ അസിസ്റ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഗോള്‍ വഴങ്ങിയതോടെ അറ്റ്‌ലസ് തിരിച്ചടിക്കാനുള്ള പദ്ധതികള്‍ക്കും വേഗം കൂട്ടി. 80ാം മിനിട്ടില്‍ മെക്‌സിക്കന്‍ ടീം ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തുകയും ചെയ്തു. റിവാള്‍ഡോ ലൊസാനോയാണ് അറ്റ്‌ലസിനായി ഗോള്‍ നേടിയത്.
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുമെന്ന് കരുതിയപ്പോള്‍ 90+6ാം മിനിട്ടില്‍ ഇന്റര്‍ മയാമി വിന്നിങ് ഗോള്‍ നേടി. മെസിയുടെ അളന്നുമുറിച്ചുള്ള പാസ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാഴ്‌സെലോ വെയ്ഗാന്റ് പിഴവേതും കൂടാതെ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ഗോളിന്റെ ബലത്തില്‍ ഇന്റര്‍ മയാമി വിജയം സ്വന്തമാക്കി.
മത്സരത്തില്‍ 55 ശതമാനവും പന്ത് കൈവശം വെച്ചിരുന്നത് മയാമിയായിരുന്നു. പിങ്ക് ആര്‍മി 19 ഷോട്ടും ഓണ്‍ ടാര്‍ഗെറ്റിലേക്ക് അഞ്ച് ഷോട്ടും ഉതിര്‍ത്തപ്പോള്‍ അറ്റ്‌ലസ് 15 ഷോട്ടുകളടിച്ചു. ഇതില്‍ ഏഴും ഗോള്‍വല ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ-യില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മയാമി. ക്വെറെടാറോയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയ മിനിസോട്ടയാണ് ഒന്നാമത്.
ലീഗ്‌സ് കപ്പില്‍ ഓഗസ്റ്റ് മൂന്നിനാണ് മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെകാക്‌സാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ എതിരാളികള്‍.
Content highlight: Leagues Cup: Inter Miami defeated Atlas FC