| Friday, 19th September 2025, 6:25 pm

സര്‍ക്കാരിന്റെ വികസന സദസിന് ലീഗിന്റെ പിന്തുണ; തീരുമാനം യു.ഡി.എഫിന്റെ ബഹിഷ്‌കരണാഹ്വാനത്തിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ്. മലപ്പുറത്ത് നടക്കുന്ന വികസന സദസ് അതിഗംഭീരമായി നടത്തുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം സംസ്ഥാന തലത്തില്‍ യു.ഡി.എഫ് വികസന സദസ് ബഹിഷ്‌കരിക്കുമ്പോഴാണ് ലീഗ് മലപ്പുറം ജില്ലാ നേതൃത്വം സര്‍ക്കാരിന് പിന്തുണ അറിയിക്കുന്നത്.

യു.ഡി.എഫിന്റെ തീരുമാനമനുസരിച്ച് പരിപാടിയില്‍ നിന്ന് വിട്ടുനിന്നാല്‍ അത് തിരിച്ചടിയാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

മലപ്പുറം ജില്ലയിലെ ലീഗ് നേതൃത്വവും യു.ഡി.എഫ് കമ്മിറ്റിയും യോഗം ചേര്‍ന്നപ്പോള്‍ നടന്ന ചര്‍ച്ചകള്‍ പ്രകാരം, വികസന സദസ് ഗംഭീരമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ജനങ്ങളുടെ മുമ്പില്‍ പഞ്ചായത്തിന്റെയും മുന്‍സിപ്പാലിറ്റിയുടെയും ചെലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസനപരമായ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണിതെന്നും ലീഗ് വിലയിരുത്തുന്നു.

വികസന സദസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍, സെക്രട്ടറിമാരെ ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടി നടപ്പിലാക്കുകയും ഒടുവിലത് സി.പി.ഐ.എമ്മിന്റെ നേട്ടങ്ങള്‍ മാത്രം ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കുന്ന പരിപാടിയായി മാറുമെന്നും മുസ്‌ലിം ലീഗ് പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരെയും നിഷ്പക്ഷരായിട്ടുള്ള പൊതുജനങ്ങളെയും പങ്കെടുപ്പിക്കണം. നമ്മുടെ നേട്ടങ്ങള്‍ അവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ലീഗ് നേതൃത്വം അറിയിക്കുന്നു.

അതേസമയം ആഗോള അയ്യപ്പ സംഗമവും തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന വികസന സദസും ബഹിഷ്‌കരിക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ അറിയിപ്പ്.

സെപ്റ്റംബര്‍ 15ന് വികസന സദസില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വികസന സദസ് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ബഹിഷ്‌ക്കരണാഹ്വാനം നടത്തിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വിജയം മാത്രം ലക്ഷ്യമാക്കി തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്താനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസുമായി സഹകരിക്കില്ലെന്നാണ് യു.ഡി.എഫ് അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കാനാണ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Content Highlight: League supports government’s Vikasana sadas

We use cookies to give you the best possible experience. Learn more