| Monday, 9th March 2026, 2:55 pm

ഇറാനിലെ നേതൃമാറ്റം അവരുടെ ആഭ്യന്തര വിഷയം: യു.എസ് ഭീഷണിക്കിടെ പിന്തുണച്ച് ചൈന

അനിത സി

ബീജിങ്: ഇറാന്റെ പരമോന്നത നേതാവും ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയുമായി മൊജ്തബ ഖാംനഇയെ പ്രഖ്യാപിച്ച ഇറാന്റെ നീക്കത്തെ പിന്തുണച്ച് ചൈന. ഇറാന്റെ തീരുമാനം ആഭ്യന്തര വിഷയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

ഇറാന്‍ പക്ഷം സ്വന്തം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിത്. ഈ നിയമനം ആഭ്യന്തരമായി തീരുമാനിക്കേണ്ട ഒരു വിഷയമായിട്ടാണ് ചൈന കാണുന്നതെന്നും ജിയാകുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണം. രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ പുറത്തുനിന്നും പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം ചൈനയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വിപ്ലവം ആസൂത്രണം ചെയ്യുന്നതിനോ സര്‍ക്കാര്‍ മാറ്റം തേടുന്നതിനോ ജനകീയ പിന്തുണ ലഭിക്കില്ലെന്നും വാങ് യി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇയെ ഇറാന്‍ തിങ്കളാഴ്ചയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ ശനിയാഴ്ച യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മകനാണ് മൊജ്തബ.

‘വിദഗ്ധ അസംബ്ലി ഒരു നിര്‍ണായക വോട്ടിലൂടെ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ പവിത്ര വ്യവസ്ഥയുടെ മൂന്നാമത്തെ നേതാവായി ആയത്തുല്ല സയ്യിദ് മൊജ്തബ ഹൊസൈനി ഖാംനഇയെ നിയമിച്ചു,’ ഇറാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മൊജ്തബ ഖാംനഇയുടെ നിയമനത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും ഐ.ആര്‍.ജി.സിയും അലി ലാരിജാനിയും സ്വാഗതം ചെയ്തു. മൊജ്തബയുടെ നിയമനം രാജ്യത്തിന് അന്തസിന്റെയും ശക്തിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പെസസ്‌കിയാന്‍ പറഞ്ഞു.

ദേശീയ ഐക്യം ഏകീകരിക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും ശത്രുക്കളുടെ ഗൂഢാലോചനകളെ പ്രതിരോധിക്കാനായി ശക്തമായ ഐക്യം ഇതിലൂടെ സംഭവിക്കുമെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

എന്നാല്‍, പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനെതിരെ യു.എസും ഇസ്രഈലും ഭീഷണി മുഴക്കിയിരുന്നു. ആയത്തുല്ല ഖാംനഇയ്ക്ക് ആര് തന്നെ പിന്‍ഗാമിയായി വന്നാലും വധിക്കുമെന്നായിരുന്നു ഇസ്രഈല്‍ പ്രതിരോധ സേന(ഐ.ഡി.എഫ്)യുടെ ഭീഷണി.

എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന കാണാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.

നേരത്തെ, ഇറാന്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് തടയുന്നതിനായി കോമിലെ അസംബ്ലി ആസ്ഥാനത്തേക്ക് ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ഈ നീക്കം പാളിയെന്നാണ് മൊജ്തബയുടെ സ്ഥാനാരോഹണം തെളിയിക്കുന്നത്.

Content Highlight: Leadership change in Iran is their internal matter: China supports amid US threats

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more