| Monday, 18th August 2025, 11:03 am

ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയില്‍ പോയ നേതാക്കള്‍ മടങ്ങിയെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചതിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസിലേക്ക് പഴയ നേതാക്കളുടെ തിരിച്ചുവരവ്. 2022 ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ നിരവധി നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത്.

2022 ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയിലേക്ക് മാറിയ സൂര്യസിംഗ് ദാഭി, ഓംപ്രകാശ് തിവാരി, കാന്തിജി താക്കൂര്‍ എന്നീ നേതാക്കള്‍ ഇന്നലെ (ഞായറാഴ്ച) അനുയായികളോടൊപ്പം കോണ്‍ഗ്രസിലേക്ക് വീണ്ടും ചേര്‍ന്നു. ഒരു മാസം മുമ്പ് ചുമതലയേറ്റ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതുക്കിയ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഇവരുടെ തിരിച്ചുവരവെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയുന്നതിനായി ബൂത്ത് തലം വരെ പാര്‍ട്ടി ഘടന നവീകരിക്കുന്നതിന് ചാവ്ദ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. സംഘടന പുനര്‍നിര്‍മിക്കാനുള്ള നിരവധി പദ്ധതികളും അമിത് ചാവ്ദ രൂപീകരിക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റുമാരുടെ ഘടനയുടെ മാതൃകയില്‍ പുതിയ തഹസില്‍ പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള ചുമതലക്കാരെ ചാവ്ദ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയാണ്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചാവ്ദ പറഞ്ഞു.

കോണ്‍ഗ്രസ് എതിരാളികളേക്കാള്‍ പിന്നിലല്ലെന്ന് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന ചുമതലയുള്ള മുകുള്‍ വാസ്‌നിക് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് 2022 ലെ തെരഞ്ഞെടുപ്പ് പോലെയാകില്ലെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ശരിയാക്കാന്‍ കഴിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗുരുതരമായ വീഴ്ചയാണെന്നും മുകുള്‍ വാസ്‌നിക് ആരോപിച്ചു.

‘വോട്ടര്‍ പട്ടിക ജനാധിപത്യത്തിന്റെ അടിത്തറയാണ്. അതില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍, ഫലങ്ങളില്‍ അതേ പിഴവുകള്‍ പ്രതിഫലിക്കും. വോട്ട് ചോര്‍ച്ചയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണം,’ വാസ്‌നിക് പറഞ്ഞു. ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഗുജറാത്ത് കോണ്‍ഗ്രസ് ഉടന്‍ തന്നെ ഈ വിഷയത്തില്‍ ഒരു ദിവസത്തെ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Leaders who left Congress for Aam Aadmi Party in Gujarat are returning

We use cookies to give you the best possible experience. Learn more