| Tuesday, 15th September 2026, 11:23 am

യു.കെ നാലാകുന്നു? ഹിതപരിശോധനയ്ക്കുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട് ഘടക രാജ്യങ്ങള്‍

ദേവിക ജയചന്ദ്രന്‍

ലണ്ടന്‍: യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും ‘സ്വാതന്ത്ര്യം’ വേണമോയെന്ന് ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയ്ല്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു.

കാര്‍ഡിഫില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയിലാണ് തങ്ങളുടെ സ്വയംനിര്‍ണയാവകാശം രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്.

സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവും സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ ജോണ്‍ സ്വീനി, സിന്‍ ഫൈന്‍ നേതാവും വെയ്ല്‍സ് ഫസ്റ്റ് മിനിസ്റ്ററുമായ റൂണ്‍ ആപ് ഇയോര്‍വര്‍ത്ത്, പ്ലെയ്ഡ് സിമ്രു നേതാവും നോര്‍ത്തേണ്‍ അയര്‍ലന്റ് ഫസ്റ്റ് മിനിസ്റ്ററുമായ മിഷേല്‍ ഒനീല്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്

യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നുള്ള സ്വാതന്ത്രത്തെ പിന്തുണക്കുന്ന പാര്‍ട്ടികളാണ് ഇവ മൂന്നും. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലും ഒരേ സമയം രാജ്യങ്ങളുടെ പരമാധികാരത്തെ അനുകൂലിക്കുന്ന ഫസ്റ്റ് മിനിസ്റ്റര്‍മാര്‍ ഭരണത്തിലെത്തുന്നത്.

യു.കെ യൂണിയന്‍ പിരിച്ചുവിടാനുള്ള കരാറല്ല ഒപ്പുവെച്ചിരിക്കുന്നത്, മറിച്ച് ഹിതപരിശോധന നടത്താനുള്ള അവകാശം ആവശ്യപ്പെടുന്ന പ്രഖ്യാപനമാണ്.

‘വെസ്റ്റ്മിനിസ്റ്ററിന്റെ സമയം അതിക്രമിച്ചുകഴിഞ്ഞു എന്നതിന് ഇതിലും വ്യക്തമായ ഒരു സൂചനയില്ല’, ധാരണപത്രത്തില്‍ പറയുന്നു.

‘നമ്മുടെ രാജ്യങ്ങള്‍ക്ക് സ്വയംനിര്‍ണായകാവകാശമുണ്ട്. ജനാധിപത്യം തടയാനോ നമ്മുടെ ജനങ്ങള്‍ക്ക് ഭാവി എന്താവണമെന്നു തീരുമാനിക്കാനുള്ള അവകാശത്തെ എതിര്‍ക്കാനോ വെസ്റ്റ്മിനിസ്റ്റര്‍ സര്‍ക്കാരിന് അവകാശമില്ല’, ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാവുമെന്ന് ധാരണാപത്രത്തില്‍ പറയുന്നു.

ശനിയാഴ്ച അയര്‍ലന്‍ഡ് സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.കെയില്‍ നിന്നുള്ള അയര്‍ലന്‍ഡിന്റെ വിഭജനത്തെപ്പറ്റി സംസാരിച്ചിരുന്നു. ഏകീകൃത അയര്‍ലന്‍ഡ് എന്നത് വളരെ മികച്ച ഒരു തീരുമാനമാണെന്നും യു.കെയ്ക്ക് ഇതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ യു.കെ വിഭജനത്തെപ്പറ്റിയുള്ള തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാം പറഞ്ഞു. അധികാരത്തിലേറിയതിനുപിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യു.കെ വിടാനുള്ള ഹിതപരിശോധന പരിഗണനയില്‍ ഇല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഒരുരാത്രി കൊണ്ട് യു.കെ പിളരാന്‍ പോകുന്നില്ലെങ്കിലും മൂന്ന് രാജ്യങ്ങളിലെയും സ്വതന്ത്ര അനുകൂല ഭരണാധികാരികള്‍ ഒന്നിക്കുന്നു എന്നതിന്റെ ഗൗരവം ഈ ചര്‍ച്ചയ്ക്കുണ്ട്.

Content Highlight: Leaders of Scotland, Wales, Northern Ireland unite for self-determination

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more