| Monday, 4th May 2026, 9:14 pm

തരംഗത്തിലും ഇടതിന് കാലിടറാതെ നാട്ടിക

മുഹമ്മദ് നബീല്‍

തൃശ്ശൂർ: ശക്തമായ പോരാട്ടത്തിനൊടുവിൽ നാട്ടിക മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വിവാദങ്ങളിൽ നിറഞ്ഞ നാട്ടികയിലെ വിജയം ഇടത് ക്യാമ്പിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകരുന്നത്. മുൻ എം.എൽ.എ സി.സി മുകുന്ദൻ സി.പി.ഐ വിട്ട് ബി.ജെ.പി പാളയത്തെത്തിയതോടെ പല സർവേകളും മുന്നണിയുടെ പരാജയം പ്രവചിച്ച ഘട്ടത്തിലാണ് മുൻ എം.എൽ.എ കൂടിയായ ഗീതാ ഗോപിയുടെ മിന്നും വിജയം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം കരസ്ഥമാക്കിയ മുകുന്ദൻ മുന്നണിമാറിയതോടെ എൽ.ഡി.എഫിന്റെ വോട്ടുബാങ്കിൽ കുറച്ചെങ്കിലും എൻ.ഡി.എയ്ക്ക് അനുകൂലമാകുമെന്നും ഇതുവഴി തങ്ങൾക്ക് ജയമുറപ്പിക്കാനാകുമെന്നുമായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷകൾ, ഇതിനുള്ള കരുനീക്കമെന്നോണമാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമിച്ച മുകുന്ദനെ കൈവിട്ടതെന്നടക്കം പലരും നിരീക്ഷിച്ചിരുന്നു. മുമ്പ് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ മണ്ഡലത്തിൽ ജയിച്ചത് യു.ഡി.എഫ് സ്ഥാനാർഥി സുനിൽ ലാലൂരിന് ആത്മവിശ്വാസം പകർന്നിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം ആസ്ഥാനത്താക്കിയുള്ളതാണ് ത്രികോണ മത്സരത്തിനൊടുവിൽ ഇന്ന് വന്ന തെരഞ്ഞെടുപ്പ് ഫലം.

മുൻ എം.എൽ.എയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ നേട്ടമുണ്ടാക്കാനാകും എന്നായിരുന്നു ബി.ജെ.പിയുടെ പ്രത്യാശകൾ എന്നാൽ പരമ്പരാഗത ബി.ജെ.പി വോട്ടുകൾക്കപ്പുറം കുറച്ചധികം വോട്ടുകൾ നേടാനായി എന്നതൊഴിച്ച് കാര്യമായൊന്നും ചെയ്യാൻ മുകുന്ദന്റെ സ്ഥാനാർഥിത്വംകൊണ്ടായില്ല. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് 17000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന അതേമണ്ഡലത്തിലാണ് മുകുന്ദൻ മൂന്നാംസ്ഥാനത്തായിരിക്കുന്നത്.

അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരങ്ങളിലൂടെ ചുവപ്പണിഞ്ഞ നാട്ടികയിലെ മണ്ണ് ഏത് തരംഗത്തിലും ചുവന്നുതന്നെ ഇരിക്കുമെന്ന ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

Content Highlight: LDF wins in nattika in UDF wave

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more