| Sunday, 31st May 2026, 9:38 pm

തെറ്റുകള്‍ തിരുത്തി എല്‍.ഡി.എഫ് ശക്തമായി തിരിച്ചുവരും; തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

നിഷാന. വി.വി

കണ്ണൂര്‍: തെറ്റുകളും കുറവുകളും കൃത്യമായി കണ്ടെത്തി തിരുത്തി ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് എല്‍.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കണമെങ്കില്‍ ഇടയ്ക്കിടക്ക് സര്‍ക്കാര്‍ മാറണം എന്നും പത്ത് വര്‍ഷമായില്ലേ എന്ന തരത്തിലുള്ള ചിന്ത ജനങ്ങിലേയ്‌ക്കെത്തിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിനെ തെറ്റായി ചിത്രീകരിക്കാന്‍ പല വിധത്തില്‍ പ്രചാരണങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന എല്ലാ പദ്ധതികളെയും പിന്താങ്ങുമെന്നും വിരുദ്ധമായ നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെങ്കില്‍ ശക്തമായി തന്നെ അതിനെ എതിര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജന്‍മനാടായ മമ്പറത്ത് നടത്തിയ സ്വീകരണപരിപാടിയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നയമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണെന്നും കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമര്‍ശവുമില്ലായെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇ.ഡി റെയ്ഡിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. എല്‍.ഡി.എഫിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി നേതാക്കള്‍ക്കെതിരെ പണ്ടും അക്രമങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഒരു ഘട്ടത്തിലും അത്തരം അക്രമങ്ങള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് പുറകോട്ട് പോയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

കളങ്ക രഹിതമാണ് എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം. ഏത് കടന്നാക്രമങ്ങളെയും ഒരുമിച്ച് നേരിടണം. കടുത്ത നടപടികളുമായാണ് കേന്ദ്രം മുന്നോട്ട് വന്നത് ആ ഘട്ടത്തില്‍ പാര്‍ട്ടിയും മുന്നണിയും നല്ല പിന്തുണ നല്‍കി. അതിനു എല്ലാവരോടും നന്ദിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: LDF will come back strong after correcting its mistakes; Pinarayi Vijayan reacts to election defeat

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more