പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായ എന്‍.ഡി.എയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പാലക്കാട്ടെ ഫലം. മുന്‍സിപ്പാലിറ്റിയില്‍ കേവല ഭൂരിപക്ഷത്തിലെത്താന്‍ ബി.ജെ.പിക്ക് സാധിക്കാതെ വന്നതോടെ പുതിയ തന്ത്രം മെനയുകയാണ് എല്‍.ഡി.എഫും യു.ഡി.എഫുമെന്ന് സൂചന.
പാലക്കാട്ടെ 53 സീറ്റില്‍ ബി.ജെ.പി 25 സീറ്റിലും യു.ഡി.എഫ് 17 സീറ്റിലും എല്‍.ഡി.എഫ് 8 ഇടത്തുമാണ് വിജയിച്ചിരിക്കുന്നത്. 3 പേര്‍ സ്വതന്ത്രരാണ്. ഇതില്‍ രണ്ടുപേര്‍ എല്‍.ഡി.എഫ് സ്വതന്ത്രരുമാണ്.
ഇതോടെ ബി.ജെ.പിയെ പ്രതിരോധിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നിന്ന് മത്സരിച്ച് വിജയിച്ചവരെ കൂട്ടുപിടിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് നിന്ന് ഭരണത്തിലേറുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഈ വാദങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ വാക്കുകള്‍. മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും സി.പി.ഐ.എമ്മിനും മതേതര നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലാദ്യമായി ബി.ജെ.പി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. കേരളത്തെ തന്നെ ഞെട്ടിച്ച് ഭരണം പിടിച്ച ബി.ജെ.പി പിന്നീട് പടലപ്പിണക്കം കാരണം നിരവധി വിവാദങ്ങളുമുണ്ടാക്കി. മുന്‍സിപ്പാലിറ്റിയില്‍ ഉണ്ടാക്കിയിരുന്ന നേട്ടം ഒരിക്കലും ബി.ജെ.പിക്ക് നിയമസഭയിലും ലോക്‌സഭയിലും തുടരാന്‍ സാധിച്ചിരുന്നില്ല.
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ 2015ല്‍ 15 സീറ്റായിരുന്നു ബി.ജെ.പി നേടിയത്. പിന്നീട് 2020ല്‍ 28 സീറ്റുകളിലേക്ക് ഉയര്‍ന്ന് മേയര്‍ കസേരയുടെ ഉറപ്പ് വര്‍ധിപ്പിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഉള്‍പോരാണ് ബി.ജെ.പിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സീറ്റില്‍ തിരിച്ചടിയുണ്ടായി. ബി.ജെ.പിക്ക് മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ഓരോ സീറ്റ് വീതം കൂടുതല്‍ നേടി.
അതേസമയം, വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെടുകയാണുണ്ടായത്. വെണ്ണക്കര സൗത്ത് വാര്‍ഡ് വെല്‍ഫയറില്‍ നിന്നും യു.ഡി.എഫാണ് പിടിച്ചെടുത്തത്.
അതേസമയം, തൃപ്പൂണിത്തുറയിലും ഇന്ത്യാ സഖ്യം വരുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. 53ല്‍ 21 വാര്‍ഡുകളില്‍ വിജയിച്ച എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷത്തിലെത്താനായില്ല. എല്‍.ഡി.എഫിന് 20 സീറ്റുകളിലാണ് വിജയിക്കാനായത്.
ഒരു സീറ്റിന്റെ മുന്‍തൂക്കത്തില്‍ ഭരണം നേടാനായി ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും 12 സീറ്റുകളുള്ള യു.ഡി.എഫുമായി ചേര്‍ന്നാല്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുമിച്ച് തൃപ്പൂണിത്തുറ ഭരിക്കാന്‍ സാധിക്കും.
എല്‍.ഡി.എഫ്, യു.ഡി.എഫ് സഖ്യങ്ങള്‍ മാറി മാറി ഭരിക്കുന്ന തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുണ്ടാക്കിയനേട്ടം അമ്പരപ്പിക്കുന്നതാണ്. നിലവില്‍ എല്‍.ഡി.എഫാണ് തൃപ്പൂണിത്തുറയിലെ ഭരണകക്ഷി.
Content Highlight: LDF, UDF fronts to take on BJP in Palakkad; may support independent