തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് എല്‍.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി സി.പി.ഐ.എമ്മിലെ സി.സി. ബിജുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായി സി.പി.ഐ.എമ്മിലെ തന്നെ രജനി ജിജീഷും തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന സ്വതന്ത്രന്‍ കെ.ആര്‍. ഔസേപ്പാണ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ബി.ജെ.പിക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയും ചെയ്തതോടെയാണ് മറ്റത്തൂര്‍ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയുടെ ഭാഗമായത്.
പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്രന് പിന്തുണ നല്‍കിയത്.
24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബി.ജെ.പി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്.
സംഭവത്തില്‍ വിജയിച്ച കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചവര്‍ സമവായത്തിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് രാജി വെച്ചിരുന്നു.
Content Highlight: LDF to chair various standing committees in Mattathur