| Monday, 15th December 2025, 10:13 am

വോട്ടിന് വേണ്ടി പെണ്ണുങ്ങളെ കാഴ്ചവെക്കരുത്; വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെന്നല: മലപ്പുറത്ത് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.വി. മജീദ്. വാര്‍ഡ് പിടിച്ചെടുക്കാന്‍ കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ചവെക്കരുതെന്നാണ് അധിക്ഷേപം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അധിക്ഷേപ പരാമര്‍ശം നടത്തിയത്. തെന്നല പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് കെ.വി. മജീദ്.

‘രാഷ്ട്രീയത്തിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ജമീലത്താത്തനെ മാത്രമല്ല പാണക്കാട് തങ്ങള്‍മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉണ്ടെങ്കില്‍ മാത്രമേ ഈ പണിക്ക് നില്‍ക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ വീട്ടില്‍ വീട്ടമ്മയായിട്ട് ഇരുത്താന്‍ സാധിക്കണം.

കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയുമോ? ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നില്‍ പോയി നിസാര വോട്ടിന് വേണ്ടി, സെയ്തലവി മജീദിനെ തോല്‍പ്പിക്കുന്നതിന് വേണ്ടി, ഈ വാര്‍ഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവന്റെ മുന്നില്‍ കാഴ്ച്ചവെക്കുകയല്ല വേണ്ടത്,’ എന്നാണ് കെ.വി. മജീദ് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് മജീദിന്റെ അധിക്ഷേപ പരാമര്‍ശം. സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയായിരുന്നു സെയ്തലവി മജീദ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് മജീദ് ലോക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

അതേസമയം തെന്നല പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 15 ഇടത്തും യു.ഡി.എഫാണ് ജയിച്ചത്. ഒരിടത്ത് എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ നാലിടത്ത് മജീദ് അടക്കമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

Content Highlight: LDF independent candidate’s misogynistic remarks against Women’s mulsim League activists

We use cookies to give you the best possible experience. Learn more