| Friday, 12th September 2025, 5:21 pm

ശബരിമല: ലഹരിയോ അതോ വേദനസംഹാരിയോ

Mohammed Nabeel

Introduction to the critic of Hegal’s philosophy of right എന്ന കൃതിയില്‍ മാര്‍ക്‌സ് മതങ്ങളെ കുറച്ചു പറഞ്ഞത് ‘it is the opium of the people’ എന്നാണ്. ഇതാകട്ടെ മാര്‍ക്‌സിന്റെ അനുയായികളും വിമര്‍ശകരും ഒരുപോലെ ഏറ്റെടുത്തു.

മാര്‍ക്‌സ് മതങ്ങളെ മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് വിശേഷിപ്പിച്ചു എന്ന് വിമര്‍ശകര്‍ പ്രചരിപ്പിച്ചപ്പോള്‍ മതം മനുഷ്യന്റെ വേദനസംഹാരിയാണ് എന്നാണ് മാര്‍ക്‌സ് ഉദ്ദേശിച്ചതെന്ന് അനുയായികളും പ്രചരിപ്പിച്ചു. ഇതേ മാര്‍ക്‌സിന്റെ ആശയങ്ങളാല്‍ പ്രചോദിതരായവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന് മതകാര്യങ്ങളില്‍ രണ്ടു നിലപാടാണോ? അതോ മാര്‍ക്‌സിനെ പോലെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണോ?

2018ലെ ശബരിമല വിധി കേരള രാഷ്ട്രീയത്തിലെ ഒരു മൈല്‍ കുറ്റിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. മതവിശ്വാസികള്‍ക്കും മതസംഘടനകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വിളിച്ചോതിയതായിരുന്നു ഈ വിധി.

ശബരിമല

തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസും ബി.ജെ.പിയും എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയിലെ ജനപങ്കാളിത്തം കണ്ടതോടെ ‘സുവര്‍ണാവസരം’ മണത്തറിഞ്ഞു, വൈകാതെ കോണ്‍ഗ്രസും വിശ്വാസ സംരക്ഷകരുടെ ഒപ്പമായി.

രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നാലും നിലപാടില്‍ നിന്ന് പിറകോട്ടില്ലന്ന് പ്രഖ്യാപിച്ച സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയവില തന്നെ കൊടുക്കേണ്ടിവന്നു. സുപ്രീംകോടതി വേദിയെ അനുകൂലിച്ചതിലൂടെയും ശബരിമലയില്‍ ബിന്ദു അമ്മിണിയെയും സംഘത്തെയും കയറ്റുന്നതിനു സംവിധാനമൊരുക്കുന്നതിലൂടെയും പരമ്പരാഗത വോട്ട് ബാങ്കുകള്‍കേറ്റ വിള്ളല്‍ സി.പി.ഐ.എമ്മിന് എളുപ്പത്തില്‍ നികത്താവുന്നതായിരുന്നില്ല.

സാമൂഹിക പുരോഗതിക്കുവേണ്ടി നടന്നിട്ടുള്ള പോരാട്ടങ്ങളിലെല്ലാം നേതൃത്വമായിനിന്നവര്‍ക്ക് വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ളത് തന്നെയായിരുന്നു സി.പി.ഐ.എമ്മിനും നേരിടേണ്ടി വന്നത്. എന്നാല്‍ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ നേതൃത്വമായി എന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി, എന്നാല്‍ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധവും എല്ലാം പ്രചരണായുധമാക്കിയ എല്‍.ഡി.എഫിന് കേരള സമൂഹം വര്‍ദ്ധിത ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുത്തു.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും

എന്നാല്‍ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കടുത്ത പരാജയം എല്‍.ഡി.എഫിനെ ഇരുത്തിചിന്തിപ്പിച്ചിരിക്കുകയാണ്, നിലപാടല്ല നിലനില്‍പ്പാണ് ഇപ്പോള്‍ പ്രധാനമെന്ന നിഗമനത്തിലെത്തിയ സര്‍ക്കാര്‍ വിശ്വാസികള്‍ക്കേറ്റ മുറിവിനുള്ള ‘വേദനയുമായി’ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

2018 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഒരുക്കണമെന്ന് സുപ്രീം കോതി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ തന്നെ നിലനില്‍പ്പിനായുള്ള തിരുത്തല്‍നടപടിയെന്നോണം ഈ മാസം 20ന് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

പിണറായി വിജയന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗമത്തിന്റെ സംഘാടകര്‍ ദേവസ്വം ബോര്‍ഡ് ആണെങ്കിലും അതിനു പുറകിലെ ബുദ്ധി സര്‍ക്കാറിന്റേതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച നാമജപ യാത്ര സംഘടിപ്പിച്ച എന്‍.എസ്.എസിനെ അടക്കം ക്ഷണിച്ചു എന്നത് മറ്റൊരു രാജ തന്ത്രം.

അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ച കേട്ടപാതി കേള്‍ക്കാത്ത പാതി കഴിഞ്ഞതവണ ‘സുവര്‍ണ്ണാവസരം’ മുതലെടുക്കാന്‍ കഴിയാതെപോയ ബി.ജെ.പി മുതലെടുപ്പ് ശ്രമങ്ങളുമായി എത്തി. വിശ്വാസികളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന ധാരണയില്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി വിശ്വാസിയാണോ എന്ന് വ്യക്തമാക്കണം എന്ന ആവശ്യവുമായെത്തി.

ശബരിമല പ്രക്ഷോഭകാലത്ത് നടന്ന ആക്രമണങ്ങളിലെടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നും മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി ഒരുപടികൂടി കടന്ന് സനാതനധര്‍മ്മത്തെ അംഗീകരിക്കാത്ത തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അയ്യപ്പ സംഗമത്തിന് എത്തിയാല്‍ തടയും എന്നു കൂടി പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും യു.ഡി.എഫ് ഘടകക്ഷികൂടിയായ മുസ്‌ലിം ലീഗും അയ്യപ്പ സംഗമത്തെ പിന്തുണച്ചതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്. സംഗമത്തെ തള്ളി പറയാതിരിക്കുകയും വേണം അതോടൊപ്പം തങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ കൂടെയാണെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യേണ്ടി വരുന്ന ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്.

തൃശ്ശൂരിലെ തടക്കം തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട എല്‍.ഡി.എഫ് തിരുത്തല്‍ നടപടികള്‍ തേടുമ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ മതിമറന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ വര്‍ഗീയധ്രുവീകരണവും കാവിവല്‍ക്കരണത്തെയും എങ്ങനെ ചെറുക്കണമെന്നതിനെ കുറിച്ച് യു.ഡി.എഫിനും കോണ്‍ഗ്രസിനും ഒരുധാരണയും ഇല്ലാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമം വുമായെത്തുന്നത്.

മാര്‍ക്‌സിന് മതങ്ങളോടുള്ള കാഴ്ചപ്പാടില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു വ്യക്തതക്കുറവുമില്ല. അയ്യപ്പ സംഗമം തല്‍ക്കാലത്തേക്കെങ്കിലും ശബരിമല വിധി നടപ്പാക്കുന്നതിലൂടെ ഉണ്ടായ മുറിവിനുള്ള ‘വേദനസംഹാരി’ തന്നെയാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുന്നണിക്കും ഇന്ത്യയിലെ ഏക ചുവപ്പ് തുരത്തായ കേരളം നിലപാടുമറന്നും നിലനിര്‍ത്തേണ്ട ദുരവസ്ഥയാണ്. ഈ ഘട്ടത്തില്‍ ഇക്കൂട്ടര്‍ക്ക് മാക്‌സിന്റെ സിദ്ധാന്തത്തേക്കാള്‍ യോജിപ്പ് ഡാര്‍വിന്റെ Survival of the fittest നോടാണ്.

Content Highlight: LDF Government Sabarimala Ayyappa Sanghamam Writeup by Mohammed Nabeel

Mohammed Nabeel

Mohammed Nabeel works as a freelance journalist Located in Malappuram.His works covers socio-political issues, media ethics and contemporary affairs.

We use cookies to give you the best possible experience. Learn more