| Sunday, 21st December 2025, 10:53 pm

ധീര രക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തത് റദ്ദാക്കി വരണാധികാരി; മറുപടിയുമായി ചാലക്കുടിയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍

അനിത സി

തൃശൂര്‍: ചാലക്കുടി മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡ് അലവി സെന്ററില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യവാചകം ചൊല്ലിച്ച് വരണാധികാരി.

ധീര രക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്താണ് നിധിന്‍ ആദ്യം സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി വീണ്ടും സത്യവാചകം ചൊല്ലിക്കുകയായിരുന്നു.

വരണാധികരായിയ ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരനാണ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് സത്യപ്രതിജ്ഞ റദ്ദാക്കിയത്. വരണാധികാരിയുടെ ആവശ്യപ്രകാരം രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത നിധിന്‍ ദൃഢ പ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്.

സംഭവത്തിന് പിന്നാലെ വിമര്‍ശനങ്ങളുയര്‍ന്നതോടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്കില്‍ കുറിച്ച് നിധിന്‍ രംഗത്തെത്തി. ഇന്നത്തെ ദിവസം രക്തസാക്ഷികളെ അഭിവാദ്യം ചെയ്യാതെ കടന്ന് പോകാനാകില്ലെന്നും ധീരന്മാരുടെ രക്തസാക്ഷിത്വത്തില്‍ നിന്നാണ് നമ്മളിന്ന് അനുഭവിക്കുന്ന ഓരോ അവകാശങ്ങളെന്നും നിധിന്‍ പ്രതികരിച്ചു.

വര്‍ഗീയതക്കെതിരെ, സാമാജിത്വത്തിനെതിരെ, അധിനിവേശത്തിനെതിരെ പൊരുതി മരിച്ചവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പൊതുജനാധിപത്യ വേദികളില്‍ അവരെ അഭിവാദ്യം ചെയ്യുക എന്നതാണെന്നും വിമര്‍ശകരോടായി നിധിന്‍ പറഞ്ഞു.

നിധിന്‍ പുല്ലന്റെ ഫേസ്ബുക്ക് കുറിപ്പ്:

ധീര രക്തസാക്ഷികള്‍ക്ക് അഭിവാദ്യം. ഇന്നത്തെ ദിവസം രക്തസാക്ഷികളെ അഭിവാദ്യം ചെയ്യാതെ കടന്ന് പോകാനാകില്ല, അതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി മംഗള്‍ പാണ്ഡെ മുതല്‍ വര്‍ഗീയ വാദികളാല്‍ കൊല ചെയ്യപ്പെട്ട മഹാത്മ ഗാന്ധിവരെയും, നീതിക്കായി ഭരണകൂടത്തോട് മല്ലിട്ട് മരണപ്പെട്ട സ്റ്റാന്‍ സ്വാമിയും സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും സമത്വത്തിന് വേണ്ടിയും സ്വന്തം ജീവനും, ജീവിതവും ബലി നല്‍കിയ ധീരന്മാരുടെ രക്തസാക്ഷിത്വത്തില്‍ നിന്നാണ് നമ്മളിന്ന് അനുഭവിക്കുന്ന ഓരോ അവകാശങ്ങളും.

വര്‍ഗീയതക്കെതിരെ, സാമ്രാജിത്വത്തിനെതിരെ, അധിനിവേശത്തിനെതിരെ പൊരുതി മരിച്ചവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പൊതുജനാധിപത്യ വേദികളില്‍ അവരെ അഭിവാദ്യം ചെയ്യുക എന്നതാണ്.

വാര്‍ത്തകളില്‍ ഭീകരത നിറച്ച് കാപ്പയെന്ന ചാപ്പ കുത്തി നാടുകടത്തിയവരൊക്കെ കോണ്‍ഗ്രസ് കോട്ടകളില്‍ രക്തശോഭയുള്ള കൊടിയുമായി വിജയത്തേരിലേറി വന്നതൊന്നും വാര്‍ത്തയാവാത്ത നാട്ടില്‍ രക്തസാക്ഷികളെ നെഞ്ചിലേറ്റിയതിന്, അവരെ അഭിവാദ്യം ചെയ്തതിന് മാധ്യമ തമ്പ്രാക്കന്മാര്‍ ഞങ്ങളെ തുമ്മി കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍, നിങ്ങളുടെ തുമ്മലിലും ചീറ്റലിലും ഒലിച്ചു പോകുന്നതല്ല ഞങ്ങളുടെ പ്രസ്ഥാനം.

ഒരിക്കല്‍ കൂടി.. ധീര രക്തസാക്ഷികളെ ഹൃദയത്തോട് ചേര്‍ത്ത്പിടിച്ച് അഭിവാദ്യം. അവരെ പാലൂട്ടി വളര്‍ത്തിയ അമ്മമാര്‍ക്ക് അഭിവാദ്യങ്ങള്‍. അവരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. നമുക്ക് ചുറ്റും പാറി നടന്ന് ഇതിനുപകരം ചോദിക്കുക. ഇതിനുപകരം ചോദിക്കുക.എന്നാവശ്യപ്പെടുന്ന അവരുടെ മഹത്തായ ആശയങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

Content Highlight: LDF councilor in Chalakudy takes oath in the name of brave martyrs; Returning officer cancels it

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more