കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ മാറാട് ഡിവിഷനിൽ എൽ.ഡി.എഫിന് ഉജ്വല വിജയം. 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എമ്മിന്റെ നിമ്മി പ്രശാന്താണ് മാറാട് പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയില്‍ നിന്നും എല്‍.ഡി.എഫ് മാറാട് പിടിച്ചെടുത്തത്.
3461 വോട്ട് നേടിയാണ് നിമ്മി പ്രശാന്തിന്റെ വിജയം. കോഴിക്കോട് കോര്‍പ്പറേഷനിലെ 50ാം വാര്‍ഡാണ് നിമ്മിയിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ജിജിഷ അമര്‍നാഥ് 2573 വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അരയസമാജത്തിന്റെ പ്രതിനിധി കൂടിയാണ് ജിജിഷ. 50ാം വാര്‍ഡ് വീണ്ടും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഡി.എ അരയസമാജത്തിന്റെ പിന്തുണ ഉറപ്പുവരുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിമിയാണ് മൂന്നാം സ്ഥാനത്ത്. കേവലം 998 വോട്ട് മാത്രമാണ് ഷിമി നേടിയത്.
മാറാട് ഉള്‍പ്പെടെയുള്ള ബേപ്പൂര്‍ മേഖല മുഴുവനായും പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ടാണ് എന്‍.ഡി.എ ഇത്തവണ മത്സരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ സിറ്റിങ് സീറ്റ് ഉള്‍പ്പെടെ എന്‍.ഡി.എയ്ക്ക് നഷ്ടപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല ബേപ്പൂരില്‍ എല്‍.ഡി.എഫ് മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
അതേസമയം സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും തിരിച്ചടി നേരിട്ട എല്‍.ഡി.എഫിന് കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് ആശ്വാസമായത്.
എന്നാല്‍ 76 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 34ഉം നേടിയ എല്‍ഡി.എഫിന് കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ സാധിച്ചില്ല. യു.ഡി.എഫ് 26 ഡിവിഷനുകള്‍ നേടിയപ്പോള്‍ എന്‍.ഡി.എ 13 ഇടത്തും വിജയിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇനി എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യത്തിനാണ് സാധ്യത.
Content Highlight: LDF captures Marad division of Kozhikode Corporation from BJP