കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം എ.ഐയും വീഡിയോയുമൊക്കെ ഏറ്റെടുത്തെങ്കിലും ജനകീയമായ പ്രചാരണ മാര്‍ഗങ്ങളില്‍ എന്നും തെരഞ്ഞെടുപ്പ് പോസ്റ്ററുകളുണ്ട്. ചുമരിലുള്ള പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയ ചുമരുകളിലേക്ക് മാറിയെന്ന് മാത്രം.
ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുമായി ജനങ്ങളുടെ മനസ് കീഴടക്കുകയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
മുണ്ടക്കയം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാജേഷാണ് ജനങ്ങളുടെ മനസറിഞ്ഞ പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം ഫോണ്‍ നമ്പര്‍ ഹെല്‍പ് ലൈന്‍ നമ്പറായി നല്‍കിയാണ് കെ. രാജേഷിന്റെ പ്രചാരണ പോസ്റ്റര്‍. മുണ്ടക്കയത്തിന്റെ 24/7 ഹെല്‍പ് ലൈന്‍ നമ്പറെന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിന് നല്‍കിയിരിക്കുന്ന വിശേഷണം.
ജനങ്ങള്‍ സഹായങ്ങള്‍ക്കായി വിളിക്കുന്നത് പോസിറ്റീവായിട്ടാണ് കാണുന്നത്. തന്റെ നമ്പറിലേക്ക് ഏതുസമയത്തും ആര്‍ക്ക് വേണമെങ്കിലും സഹായങ്ങള്‍ക്കായി വിളിക്കാമെന്ന് രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തനിക്ക് അത് ഒരിക്കലും അസൗകര്യമല്ല. മുണ്ടക്കയം ടൗണില്‍ തന്നെ താമസിക്കുന്നതുകൊണ്ട് ഒരുപാട് പേര്‍ സഹായങ്ങള്‍ക്കായി വിളിക്കാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വരുന്ന മറ്റ് ജില്ലകളിലെ രോഗികളുള്‍പ്പെടെയുള്ളവര്‍ തന്നെ വിളിക്കാറുണ്ടെന്നും അവര്‍ക്കും സഹായം നല്‍കാനും സന്ദര്‍ശിക്കാനും ഓടിയെത്താറുണ്ടെന്നും രാജേഷ് പറഞ്ഞു.
അതുകൊണ്ടാണ് തന്റെ ഒരു സുഹൃത്ത് തന്റെ നമ്പര്‍ ഹെല്‍പ് ലൈന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ പോസ്റ്റര്‍ തയ്യാറാക്കി സമ്മാനിച്ചതെന്നും രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മിണ്ടാനാളുണ്ട് മുണ്ടക്കയത്തിന് എന്ന ശ്രദ്ധേയമായ തലക്കെട്ടോടെ മറ്റൊരു പോസ്റ്ററും രാജേഷ് പ്രചാരണങ്ങള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്.
രാജേഷ് രണ്ട് പതിറ്റാണ്ടായി മുണ്ടക്കയം ഡിവിഷനില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുണ്ടക്കയത്ത് തന്നെയാണ് ജനിച്ചുവളര്‍ന്നത്. അതുകൊണ്ട് തന്നെ എന്നും ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പമുണ്ട്. ഏതുപ്രതിസന്ധിയിലും ജനങ്ങള്‍ രാഷ്ട്രീയം നോക്കാതെ വിളിക്കാറുമുണ്ട്. അതുകൊണ്ടാണ് വ്യത്യസ്തമായ പോസ്റ്ററുകള്‍ക്ക് കൈ കൊടുത്തതെന്നും രാജേഷ് പറയുന്നു.
സി.പി.ഐ.എം പാര്‍ട്ടി ഭാരവാഹിയായി പൊതുപ്രവര്‍ത്തകനായും നാടിന് സുപരിചിതനാണ് രാജേഷ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയുമായി. നിലവില്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗവും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
2018-19 കാലത്തുണ്ടായ പ്രളയങ്ങളില്‍ ഏറെ ദുരിതത്തിലായിരുന്ന മുണ്ടക്കയത്തിന് ആശ്വാസമായി രക്ഷാപ്രവര്‍ത്തനങ്ങളിലും രാജേഷ് സജീവമായിരുന്നു. 2021ല്‍ തന്റെ നാടിനെ നടുക്കിയ കൂട്ടിക്കല്‍ പ്രളയ ദുരന്തത്തിലും സഹായഹസ്തവുമായി ഓടിയെത്താന്‍ മുന്നിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.
അന്നത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ 25 വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. പാര്‍ട്ടി ഇതിനായി ഒഴിഞ്ഞുകിടന്നിരുന്ന രണ്ട് ഏക്കര്‍ റബ്ബര്‍ തോട്ടമായിരുന്ന സ്ഥലം വാങ്ങി കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളൊരുക്കി ഒരു ടൗണ്‍ഷിപ്പായി മാറ്റി.
കൂട്ടിക്കലിലുണ്ടായ ദുരന്ത സമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത് അത് തന്റെ സ്വാഭാവികമായ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലായിരുന്നു. വീട് നഷ്ടപ്പെട്ടവരെ കണ്ടെത്താനും അവര്‍ക്ക് വീട് നിര്‍മിച്ചു നില്‍കാനും ഒടുവില്‍ ഗൃഹപ്രവേശം വരെയുള്ള ഓരോ നിമിഷവും അവരുടെ കൂടെ നിന്നിരുന്നു. രാഷ്ട്രീയം നോക്കിയല്ല അന്നും ഇന്നും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജനകീയനായ സ്ഥാനാര്‍ത്ഥിക്ക് ഇതിലും നല്ലൊരു ക്യാപ്ഷന്‍ നല്‍കാനില്ലെന്നാണ് ജനങ്ങളുടെയും പ്രതികരണം. എല്ലാവരും ചേര്‍ത്തുനിര്‍ത്തുന്ന എല്ലാവരേയും രാഷ്ട്രീയ ഭേദമന്യെ ചേര്‍ത്തുനിര്‍ത്തുന്ന പൊതുപ്രവര്‍ത്തകനാണ് രാജേഷെന്ന് വോട്ടര്‍മാര്‍ പറയുന്നു.
2015-20 കാലത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ മെമ്പറുമായിരുന്നു രാജേഷ്.
Content Highlight: Call 24//7; Candidate’s campaign turns his own mobile number into the helpline number