| Sunday, 14th December 2025, 8:27 am

തൃശൂരിലെയും കൊല്ലത്തെയും യു.ഡി.എഫ് കൊടുങ്കാറ്റിലും വിറയ്ക്കാതെ ജില്ലാ പഞ്ചായത്തുകള്‍; കോട്ട കാത്ത് എല്‍.ഡി.എഫ്

ആദര്‍ശ് എം.കെ.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ യു.ഡി.എഫ് തരംഗം അലയടിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് യു.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നത്.

കോര്‍പ്പറേഷനുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും മുന്നേറ്റമാണ് യു.ഡി.എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചിരിക്കുന്നത്. 2020നെ അപേക്ഷിച്ച് ഒന്നില്‍ നിന്നും കോര്‍പ്പറേഷന്‍ നാലായി ഉയര്‍ത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന്റെ കുത്തക അവസാനിപ്പിച്ച് 7-7 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്താനും യു.ഡി.എഫിന് സാധിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തത് ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ്.

എന്നാല്‍ ചില ജില്ലാ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനെ കൈവിടാതെ കാത്തു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട തൃശൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ മൃഗീയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. ആകെയുള്ള 56 വാര്‍ഡുകളില്‍ 33ഉം യു.ഡി.എഫ് സ്വന്തമാക്കി. സ്വതന്ത്രരടക്കം 13 പേരെ എല്‍.ഡി.എഫ് വിജയിപ്പിച്ചപ്പോള്‍ എന്‍.ഡി.എ എട്ട് വാര്‍ഡിലും മറ്റുള്ളവര്‍ രണ്ട് വാര്‍ഡിലും വിജയിച്ചു.

എന്നാല്‍ കോര്‍പ്പറേഷനില്‍ ആഞ്ഞടിച്ച യു.ഡി.എഫ് കൊടുങ്കാറ്റ് ജില്ലാ പഞ്ചായത്തിലെത്തിയപ്പോള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി. ആകെയുള്ള 30 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 21ലും ഇടതുപക്ഷം വിജയിച്ചുകയറി. ഒമ്പതിടങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത്.

ജില്ലാ പഞ്ചായത്തുകളിലെ വോട്ടുകളെ സാധാരണയായി പൊളിറ്റിക്കല്‍ വോട്ടുകള്‍ എന്ന നിലയിലാണ് പരിഗണിക്കാറുള്ളത്. അങ്ങനെ നോക്കുമ്പോള്‍ അടിപതറുമ്പോഴും എല്‍.ഡി.എഫിന് ആശ്വസിക്കാനുള്ള വക ലഭിക്കുന്നുണ്ട്.

സമാനമാണ് കൊല്ലത്തെയും അവസ്ഥ. ഇടതിന്റെ ചെങ്കോട്ടയായ കൊല്ലം കോര്‍പ്പറേഷനില്‍ 27 സീറ്റ് നേടിയാണ് യു.ഡി.എഫ് ഒറ്റക്കക്ഷിയായത്. എല്‍.ഡി.എഫ് 16ലേക്ക് ചുരുങ്ങി. എന്‍.ഡി.എ 12 വാര്‍ഡുകള്‍ വിജയിച്ചപ്പോള്‍ എസ്.ഡി.പി.ഐ ഒരു സീറ്റിലും വിജയം സ്വന്തമാക്കി. 23ാം വാര്‍ഡായ ചതിനംകുളത്താണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്.

എന്നാല്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ഇടതിനെ കൈവിട്ടില്ല. കേലവഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ഡിവിഷനുകള്‍ സ്വന്തമാക്കി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി.

ആകെയുള്ള 27 ഡിവിഷനില്‍ 17ലും ഇടതുപക്ഷം വിജയിച്ചു. പത്തിടങ്ങളില്‍ യു.ഡി.എഫ് വിജയം സ്വന്തമാക്കിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് എവിടെയും വിജയം നേടാന്‍ സാധിക്കാതെ പോയി.

Content Highlight: LDF advances in Kollam and Thrissur district panchayats

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more