| Tuesday, 25th November 2025, 8:09 am

ആയുധം താഴെവെയ്ക്കാന്‍ കൂടിയാലോചനകള്‍ വേണം; ഫെബ്രുവരി 15 വരെ സമയം നല്‍കണം: മാവോയിസ്റ്റ് എം.എം.സി കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആയുധം വെച്ച് കീഴടങ്ങാന്‍ 2026 ഫെബ്രുവരി 15 വരെ സമയം ആവശ്യപ്പെട്ട് മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് (എം.എം.സി) മേഖലകളിലെ മാവോയിസ്റ്റുകള്‍.

മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലൂടെയാണ് സുരക്ഷാ സേന ഫെബ്രുവരിക്ക് മുമ്പ് നടപടികള്‍ സ്വീകരിക്കരുതെന്ന് സി.പി.ഐ (മാവോയിസ്റ്റ്) എം.എം.സി സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് അനന്ത്  ആവശ്യപ്പെട്ടിരിക്കുന്നത്.

നിരായുധീകരണത്തിനും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികള്‍ സ്വീകരിക്കാനും സമയം നല്‍കണമെന്ന് കത്തില്‍ പറയുന്നു.

ഇത്രയും സമയം ചോദിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരവും ഘട്ടം ഘട്ടവുമായുള്ള നിരായുധീകരണത്തിനായി അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം തേടിയാണ് കത്ത്.

വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് കൂടിയാലോചനയ്ക്ക് സമയം വേണം. കൂട്ടായി തീരുമാനമെടുക്കാന്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ ഈ സന്ദേശം അവരിലേക്ക് എത്തിക്കാനും കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാനും സമയം ആവശ്യമാണെന്ന് അനന്ത് പറയുന്നു.

സായുധ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അന്ത്യശാസന തീയതി മാര്‍ച്ച് 31 വരെയാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു.

അതുവരെ മൂന്ന് സംസ്ഥാന സര്‍ക്കാരുകളും സംയമനം പാലിക്കണം. സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്. ഈ സന്ദേശം ഓള്‍ ഇന്ത്യ റേഡിയോ വഴി പ്രക്ഷേപണം ചെയ്യണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. നവംബര്‍ 24നാണ് കത്ത് പുറത്തെത്തിയത്.

ലോകത്തും രാജ്യത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് ആയുധങ്ങള്‍ ഉപേക്ഷിക്കാനും സായുധ പോരാട്ടം താത്കാലികമായി നിര്‍ത്തിവെയ്ക്കാനും മാവോയിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയും പൊളിറ്റ്ബ്യൂറോ അംഗവുമായ സോനു (മല്ലോജുല വേണുഗോപാല്‍ റാവു)വും സ്വീകരിച്ച നിലപാടിനെ കത്തില്‍ പിന്തുണക്കുന്നു.

സെപ്റ്റംബറിലാണ് ആയുധം താഴെ വെയ്ക്കാനുള്ള സന്നദ്ധത അറിയിച്ച് സോനു കത്ത് പുറത്തുവിട്ടിരുന്നത്. തുടര്‍ന്ന് ഒക്ടോബറില്‍ സോനു മഹാരാഷ്ട്ര സര്‍ക്കാരില്‍ കീഴടങ്ങിയിരുന്നു. പിന്നാലെ, തെലങ്കാനയിലെ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം പുല്ലൂരി പ്രസാദ് റാവുവും കീഴടങ്ങിയിരുന്നു.

മാര്‍ച്ച് 31 വരെ ആയുധം താഴെവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മാവോയിസ്റ്റുകള്‍ക്ക് നേരെ സുരക്ഷാ സേനയുടെ സായുധ നടപടി തുടരുകയാണ്.

കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശിലുണ്ടായ ഏറ്റുമുട്ടലില്‍ നക്‌സല്‍ നേതാവ് മദ്‌വി ഹിദ്മ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Discussions needed to lay down arms; MMC Maoists asks deadline till February 15

We use cookies to give you the best possible experience. Learn more