| Saturday, 25th May 2013, 12:33 am

അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും വേണ്ടെന്ന ഹരജിക്കെതിരെ ഉപഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അസഹനീയമായ ചൂടനുഭവപ്പെടുന്ന കേരളത്തില്‍ അഭിഭാഷകര്‍ക്ക് കോട്ടും ഗൗണും ബാന്‍ഡും വേണമെന്നതില്‍  അഭിഭാഷകര്‍ക്കിടയില്‍ ഭിന്നസ്വരം. []

വേനലിലെ കടുത്ത ചൂടില്‍ കോട്ടും ഗൗണും ഒഴിവാക്കി മാന്യമായ വസ്ത്രം ധരിച്ചെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിന്‍സെന്റ് പാനികുളങ്ങരയാണ് ഹരജി നല്‍കിയത്. []

ബ്രിട്ടീഷ് രീതിയിലുള്ള വേഷവിധാനം ചൂടുകൂടിയ ഇന്ത്യയില്‍ ഇനിയും പിന്തുടരുന്നതിനെതിരെയാണ് ഹൈക്കോടതിയിലെ അഭിഭാഷകനായ ഡോ. വിന്‍സന്റ് പാനികുളങ്ങര ഹരജി നല്‍കിയത്.

ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരം അന്ധമായി പിന്‍തുടര്‍ന്നതിന്റെ ഭാഗമാണു കറുത്തകോട്ടും ഗൗണുമെന്നു ഹരജിയില്‍ പറയുന്നു. 1694ല്‍ ബ്രിട്ടീഷ് രാജ്ഞി മേരിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വേഷമാണ് ഇതെന്നും കാലവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത വേഷസംവിധാനം ഒഴിവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിലും ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളിലും അഭിഭാഷകരും ന്യായാധിപരും ഈ വേഷം ഉപയോഗിച്ചുവരികയാണ്. കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളില്‍ ഈ വേഷസംവിധാനം അവിടെ ഒഴിവാക്കിയിട്ടുണ്ടെന്നും കുട്ടികളെ ഭയപ്പെടുത്തുമെന്ന കാരണത്താലാണിതെന്നും ഹരജിയില്‍ പറയുന്നു.

കാലാവസ്ഥയ്ക്കു യോജ്യമായ തരത്തിലുള്ള ഔദ്യോഗികവേഷം തീരുമാനിക്കാന്‍ ബാര്‍ കൗണ്‍സിലിനും ഹൈക്കോടതി രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കണമെന്നും കുട്ടികളും നിരക്ഷരരായ ജനങ്ങളും എത്തുന്ന കോടതികളില്‍ കറുത്തവേഷം നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഈ ഹരജിക്കെതിരേ അഡ്വ. ബേസില്‍ അട്ടിപ്പേറ്റിയാണ് ഉപഹരജി നല്‍കിയത്. ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനാണ് ഹരജികള്‍ പരിഗണിക്കുന്നത്.

അഭിഭാഷക ഡ്രസ്‌കോഡ് വക്കീലിന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ബേസില്‍ അട്ടിപ്പേറ്റി പറയുന്നു. “അഭിഭാഷക നിയമവും ചട്ടവും അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കാമെന്നു സത്യവാങ്മൂലം നല്‍കി അഭിഭാഷകനായ ശേഷം ഇളവ് ആവശ്യപ്പെടുന്നതു ശരിയല്ല.

നിയമപ്രകാരം നടപ്പാക്കിയ ഡ്രസ്‌കോഡ് ഏതെങ്കിലും വ്യക്തിയുടെ ആവശ്യപ്രകാരം മാറ്റരുത്. കോട്ടിന്റെ കറുത്ത നിറം വിവേകത്തെയും വൈറ്റ് ബാന്‍ഡ് സത്യസന്ധത, നിഷ്പക്ഷത, വിശുദ്ധി എന്നീ ഗുണങ്ങളെയുമാണു സൂചിപ്പിക്കുന്നത്. അഭിഭാഷകന്റെ കോട്ടും ഗൗണും ബാന്‍ഡുമാണു തന്നെ ഈ തൊഴിലിലേക്ക് ആകര്‍ഷിച്ചത്.-ബേസില്‍ അട്ടിപ്പേറ്റി ഉപഹരജിയില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more