| Friday, 11th April 2025, 7:34 am

എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് അഭിഭാഷകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ (വ്യാഴം) അര്‍ധരാത്രിയാണ് സംഭവം.

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിലാണ് കൈയേറ്റം നടന്നത്. ഏകദേശം പുലര്‍ച്ചെ മൂന്ന് മണി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നതായാണ് വിവരം. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

അതേസമയം സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായാണ് വിവരം.

ഏറ്റുമുട്ടലില്‍ 16 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ മുഖത്തേക്ക് അഭിഭാഷകര്‍ സിഗരറ്റ് വലിച്ച് പുക വിട്ടുവെന്നും പൊലീസ് അഭിഭാഷകരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.

എന്നാല്‍ കോടതി വളപ്പിലേക്ക് നുഴഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.

വനിതാ അഭിഭാഷകരോട് വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറിയെന്നും ആയുധങ്ങളുമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഭിഭാഷകരെ മര്‍ദിച്ചുവെന്നും ആരോപണമുണ്ട്.

എല്ലാ തവണയും ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനായി കരുതുന്ന ഭക്ഷണം കഴിക്കാന്‍ മഹാരാജാസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വരാറുണ്ടെന്നും എന്നാല്‍ അതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും പക്ഷെ രാത്രിയില്‍ നടന്ന ഡി.ജെ പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികള്‍ കടന്നുകയറുകയും പ്രശ്‌നം ഉണ്ടാക്കിയെന്നും അഭിഭാഷകര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുന്നതായി കാണാം.

Content Highlight: Lawyers and SFI activists clash in Ernakulam District Court premises

Latest Stories

We use cookies to give you the best possible experience. Learn more