| Tuesday, 9th December 2025, 4:35 pm

മുന്‍ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ അഭിഭാഷകന് കോടതിയില്‍ വെച്ച് ചെരുപ്പുകൊണ്ട് അടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയില്‍ വെച്ച് ഷൂ എറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിന് മറ്റൊരു കോടതിയില്‍ വെച്ച് ചെരുപ്പ് കൊണ്ട് അടി മര്‍ദനം.

സംഭവത്തിന്റെ വീഡിയോ പുറത്തെത്തി. ദല്‍ഹിയിലെ കര്‍ഡൂമ കോടതയില്‍ വെച്ച് മറ്റൊരു അഭിഭാഷകനാണ് രാകേഷ് കിഷോറിനെ മര്‍ദിച്ചത്.

രാകേഷ് കിഷോറിന് അടി ലഭിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കൂടെയുള്ളയാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അടി ലഭിക്കുകയായിരുന്നു.

അതേസമയം, അടി തടയുന്നതിനിടെ രാകേഷ് കിഷോര്‍ സനാതന ധര്‍മ്മത്തിന് ജയ് വിളിക്കുന്നതും കേള്‍ക്കാം.

കഴിഞ്ഞ ഒക്ടോബര്‍ ആറിന് സുപ്രീംകോടതിയില്‍ വെച്ച് ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറുണ്ടായത്.

സനാതന ധര്‍മത്തെ അപമാനിച്ചെന്ന് വിളിച്ചു പറഞ്ഞ് അഭിഭാഷകനായ രാകേഷ് കിഷോറാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഊരി എറിഞ്ഞത്.

സംഭവത്തിന് പിന്നാലെ കോടതിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്താക്കിയിരുന്നു. അതേസയം, ഉയര്‍ന്ന ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഗവായ് ആ സ്ഥാനത്തിന്റെ മൂല്യം മനസിലാക്കണമെന്നും അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും രാകേഷ് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, രാകേഷ് കിഷോറിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് ഗവായ് കൈക്കൊണ്ടത്. തന്റെ ശ്രദ്ധ തിരിക്കാന്‍ ഇതുകൊണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Content Highlight: Lawyer Rakesh Kishore  who threw shoe at former Chief Justice beaten with shoe in court

We use cookies to give you the best possible experience. Learn more