| Tuesday, 13th October 2026, 3:28 pm

യു.എസിനെ പോലെ ജര്‍മനിയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങണം: ജര്‍മര്‍ ചാന്‍സലറോട് പ്രതിപക്ഷ പാര്‍ട്ടികള്‍

റെന്വര്‍ പി

ബെര്‍ലിന്‍: റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ യു.എസ് ഒപ്പുവെച്ചത് പോലുള്ള കരാറില്‍ ഒപ്പുവെക്കണമെന്ന ആവശ്യവുമായി ജര്‍മനിയിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഡീസല്‍ വാങ്ങുന്നതിനായി റഷ്യയുമായുള്ള കരാറില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് ഒപ്പുവെക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അമേരിക്കക്കാര്‍ക്കായി റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. യു.എസിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധന വിലയും കാരണം ട്രംപിന് മേല്‍ സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജര്‍മനിയിലും സമാന കരാറിനായി ആവശ്യമുയരുന്നത്.

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന നിയമത്തിന് യു.എസ് ഈയിടെ അംഗീകാരം നല്‍കിയിരുന്നു. റഷ്യന്‍ എണ്ണക്കച്ചവടത്തെ ലക്ഷ്യമിട്ടുള്ള മറ്റ് ഉപരോധ നടപടികളും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് റഷ്യന്‍ എണ്ണ വാങ്ങാന്‍ ട്രംപ് തീരുമാനിച്ചത്.

യു.എസിലെ പോലെ ജര്‍മ്മനിയിലും കുതിച്ചുയരുന്ന ഇന്ധനവില രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ വ്യവസായങ്ങളെയും ഇത് ബാധിക്കുന്നു.

പുടിനുമായി ഡീസല്‍ കരാര്‍ ഒപ്പിട്ട ട്രംപിന്റെ മാതൃക പിന്തുടര്‍ന്ന് മെര്‍സും റഷ്യയുമായി സമാന കരാറിലെത്തണമെന്ന് ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളാണ് ആവശ്യപ്പെടുന്നത്. കിഴക്കന്‍ സംസ്ഥാനമായ സാക്‌സോണി-അന്‍ഹാള്‍ട്ടില്‍ ഭൂരിപക്ഷമുള്ള തീവ്ര വലത് പ്രതിപക്ഷ പാര്‍ട്ടികളായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയും (എ.എഫ്.ഡി), ഇടതു പാര്‍ട്ടിയായ സാഹ്റ വാഗന്‍ക്‌നെക്റ്റ് അലയന്‍സും (ബി.എസ്.ഡബ്ല്യു) ഈ ആവശ്യം ഉന്നയിക്കുന്നു. റഷ്യയുമായുള്ള സാമ്പത്തിക ബന്ധം പുനസ്ഥാപിക്കണമെന്ന് ഈ പാര്‍ട്ടികളുടെ എംപിമാര്‍ ആവശ്യപ്പെട്ടതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ജര്‍മ്മനിക്കും റഷ്യയുമായി ഒരു ഡീസല്‍ കരാര്‍ ആവശ്യമാണ്,’ എന്ന് ബി.എസ്.ഡബ്ല്യു പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ലീഡറായ ക്ലോഡിയ വിറ്റിഗ് പറഞ്ഞതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജര്‍മ്മനിയിലെ ഫില്ലിംഗ് സ്റ്റേഷനുകളിലെ ഇന്ധനവില ‘അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്’ എന്ന് പറഞ്ഞ വിറ്റിഗ്, ഉപരോധങ്ങള്‍ ‘പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും’ അവ പ്രധാനമായും ജര്‍മ്മനിയെത്തന്നെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കേവലം ഒരു ഡീസല്‍ കരാറില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ റഷ്യയുമായുള്ള പതിവ് എണ്ണ, വാതക വ്യാപാരം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്നും ക്ലോഡിയ വിറ്റിഗ് പറഞ്ഞു.

ഉക്രൈനെക്കുറിച്ചല്ല ജര്‍മനിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഈ യുദ്ധം തുടര്‍ന്നു കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ജര്‍മനിക്ക് ഇനിയില്ലെന്നും അവര്‍ പറഞ്ഞു.

റഷ്യയുമായി കരാറുണ്ടാക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നതായി എ.എഫ്.ഡി സഹ നേതാവ് ആലീസ് വെയ്ഡല്‍ പറഞ്ഞു. റഷ്യയുമായുള്ള ട്രംപിന്റെ കരാറിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി. ഉപരോധങ്ങളിലൂടെയും ചെലവേറിയ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയിലൂടെയും ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നടപടികളാണ് മെര്‍സ് സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ഇതാണ് ശരിയായ രീതി!’ എന്നും റഷ്യയുമായുള്ള ട്രംപിന്റെ കരാറിനെക്കുറിച്ച് വൈഡല്‍ എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഉപരോധങ്ങളിലൂടെയും ചെലവേറിയ എല്‍.എന്‍.ജി വാങ്ങിയും മെര്‍സ് ജര്‍മ്മനിയെ തകര്‍ക്കുമ്പോള്‍, ട്രംപ് പ്രായോഗിക രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നു. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാനം ജര്‍മ്മനിയുടെ താല്‍പ്പര്യങ്ങളാണെന്നും അവര്‍ കുറിച്ചു.

ജര്‍മ്മനിയുടെ ദേശീയ താല്‍പ്പര്യങ്ങളേക്കാള്‍ ഉക്രൈന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയുടെ അജണ്ടയ്ക്കാണ് മെര്‍സ് മുന്‍ഗണന നല്‍കുന്നതെന്നും എ.എഫ്.ഡിയും ബി.എസ്.ഡബ്ല്യുവും ആരോപിച്ചു. ജര്‍മ്മന്‍കാരെ ഉക്രെയ്‌നിനുള്ള പണം കറന്നെടുക്കുന്നതിനുള്ള ഉറവിടമാക്കി മാറ്റിയെന്നും ഈ പാര്‍ട്ടിയുടെ നേതാക്കള്‍ മെര്‍സിനെ കുറ്റപ്പെടുത്തുന്നു.

അതേസമയം ട്രംപിന്റേതിന് സമാനമായ നടപടികള്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന സൂചനകളാണ് ജര്‍മനിയിലെ ഭരണ പക്ഷത്ത് നന്നുണ്ടാവുന്നത്. റഷ്യയ്ക്കെതിരെ കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഉക്രൈയ്‌നുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റെഫാന്‍ കോര്‍ണേലിയസ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ജര്‍മനിയിലെ സര്‍ക്കാര്‍ അനുകൂല പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി ട്രംപിന്റെ റഷ്യയുമായുള്ള കരാറിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. ‘അങ്ങേയറ്റം അധാര്‍മ്മികമായ നടപടി’ എന്നാണ് ട്രംപിന്റെ കരാറിനെ ഗ്രീന്‍ പാര്‍ട്ടി നേതാവ് ഫ്രാന്‍സിസ്‌ക ബ്രാന്റ്‌നര്‍ വിശേഷിപ്പിച്ചത്.

Content Highlight: Lawmakers call on German leadership to reach Trump-style diesel deal with Russia

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more