| Tuesday, 24th January 2017, 1:16 pm

ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ഹോട്ടല്‍ ജോലി ചെയ്യിപ്പിച്ചു, അസഭ്യമായ വാക്കുകള്‍ പ്രയോഗിക്കുന്നു: ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ക്ലാസ്സുകള്‍ നടന്നുകൊണ്ടിരിക്കേ വിളിച്ച് കൊണ്ടുപോയി സ്വന്തം ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിരിയാണി വിളമ്പാന്‍ നിര്‍ത്തിയെന്നും യൂണിഫോമിലായിരുന്ന തങ്ങളെക്കൊണ്ട് ഹോട്ടലിലെ മേശകള്‍ തുടപ്പിച്ചു എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ചെയ്യുന്ന ജോലിക്ക് കൂലിയായി ഇന്റേണല്‍ മാര്‍ക്ക് നല്‍കാമെന്നു ലക്ഷ്മി നായര്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.


തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിചെയ്യിപ്പിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നുമുള്ള ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്നത്.


Also read ഒമ്പത് മാസമായി സഹോദരിമാരെ ലൈഗിക പീഡനത്തിനിരയാക്കിയ 22 കാരന്‍ അറസ്റ്റില്‍


ക്ലാസ്സുകള്‍ നടന്നുകൊണ്ടിരിക്കേ വിളിച്ച് കൊണ്ടുപോയി സ്വന്തം ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിരിയാണി വിളമ്പാന്‍ നിര്‍ത്തിയെന്നും യൂണിഫോമിലായിരുന്ന തങ്ങളെക്കൊണ്ട് ഹോട്ടലിലെ മേശകള്‍ തുടപ്പിച്ചു എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ചെയ്യുന്ന ജോലിക്ക് കൂലിയായി ഇന്റേണല്‍ മാര്‍ക്ക് നല്‍കാമെന്നു ലക്ഷ്മി നായര്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ ദളിത് വിദ്യര്‍ത്ഥിയെ ജാതിപേരു പറഞ്ഞ് അധിക്ഷേപിച്ചതായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വലിച്ചെറിഞ്ഞിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജാതിപ്പേരു വിളിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിന്റെ തന്ത എന്റെ ക്ലാസ്സ്‌മേറ്റായതുകൊണ്ടും കാലുപിടിച്ചതു കൊണ്ടുമാണ് നിനക്ക് ഇവിടെ അഡ്മിഷന്‍ തന്നതെന്ന് ആക്ഷേപിച്ച് മകളോട് സംസാരിച്ചെന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞത്. അസഭ്യമായാണ് ഇവര്‍ തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരോട് പെരുമാറുന്നതെന്നും രക്ഷിതാവ് ആരോപിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം ലക്ഷ്മിനായര്‍ നിഷേധിച്ചു. ഇത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും സമരം നടത്തുന്നവര്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നെന്നുമായിരുന്നു ലക്ഷ്മിനായരുടെ പ്രതികരണം. പ്രിന്‍സിപ്പല്‍ ആരോപണങ്ങള്‍ നിഷേധിച്ചതിനെതിരെയും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ പറഞ്ഞതിന്റെയൊക്കെ റെക്കോര്‍ഡിംഗ്‌സ് കയ്യിലുണ്ടെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം ഹാജരാക്കുമെന്നുമാണ് വിദ്യര്‍ത്ഥികള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more