| Monday, 9th November 2026, 4:40 pm

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

ശ്രീലക്ഷ്മി പി.പി

ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്‌നാട്ടിൽ പൊലീസുകാരൻ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ.

സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വൻ പരാജയമാണെന്ന് എക്സിൽ (ട്വിറ്റർ) കുറിച്ചു. ഉത്സവ ദിനത്തിൽ പടക്കത്തിന്റെ ശബ്ദത്തേക്കാൾ കൂടുതൽ കേൾക്കുന്നത് വെട്ടുകത്തികളുടെ ശബ്ദമാണെന്ന് ഉദയനിധി പരിഹസിച്ചു.

‘ഒരു പൊലീസുകാരൻ ഉൾപ്പെടെ ഒറ്റ ദിവസം കൊണ്ട് ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പരിശോധനയ്ക്കായി ജയിലിൽ പോയാൽ തടവുകാർ ചാടിപ്പോകുന്നു, പൊലീസ് സ്റ്റേഷനുകളിൽ പോയാൽ പൊലീസുകാർ തന്നെ കൊല്ലപ്പെടുന്നു എന്ന അവസ്ഥയാണുള്ളത്. ഈ വിഡ്ഢിക്കൂട്ടത്തിന്റെ ഭരണത്തിൽ സാധാരണ ജനങ്ങൾക്കോ അവരെ സംരക്ഷിക്കേണ്ട പോലീസുകാർക്കോ യാതൊരു സുരക്ഷിതത്വവുമില്ലായെന്ന്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആവശ്യവുമായി സമീപിച്ചയാളെ ഡെപ്യൂട്ടി സ്പീക്കർ തന്നെ മർദിച്ചോടിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുവിക്കുകയും ചെയ്ത സംഭവം തമിഴ്നാട് ഇതുവരെ കാണാത്ത ലജ്ജാകരമായ ഒന്നാണെന്നും ഉദയനിധി വിമർശിച്ചു.

വെറും പരിശോധനകളും ഉദ്യോഗസ്ഥരെ നിയമിക്കലും മാത്രം കാട്ടി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ ഒഴുക്കുന്ന കണ്ണീരിനും ചോരയ്ക്കും ഈ സർക്കസ് ഭരണാധികാരികൾ മറുപടി പറയേണ്ടി വരുന്ന ദിവസം ഒട്ടും വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Content Highlight:Law and order has collapsed in Tamil Nadu; Udhayanidhi Stalin lashes out at the government.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more