| Thursday, 24th September 2026, 4:07 pm

എറിഞ്ഞ 11 പന്തില്‍ ഒമ്പത് വിക്കറ്റ്, ഡബിള്‍ ഹാട്രിക്! എതിരാളികള്‍ 6ന് ഓള്‍ഔട്ട്!! കെ.പി.എല്ലിനെ ഞെട്ടിച്ച ബൗളര്‍

ആദർശ് എം.കെ.

കിഷ്ത്വാര്‍ പ്രീമിയര്‍ ലീഗില്‍ അമ്പരപ്പിക്കുന്ന ബൗളിങ് പ്രകടനവുമായി ലാവിഷ് കൗശല്‍. കഴിഞ്ഞ ദിവസം നടന്ന യൂത്ത് മണ്ഡല്‍ – അഹാന ടൈറ്റന്‍സ് മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടൈറ്റന്‍സ് താരമായ കൗശല്‍ തിളങ്ങിയത്.

കിഷ്ത്വാറിലെ ചൗഗന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യൂത്ത് മണ്ഡല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ റയീസ് വാനിയെ ബൗള്‍ഡാക്കിയ കൗശല്‍ രണ്ടാം പന്തില്‍ ഷോയ്ബ് റെഷിയെയും പൂജ്യത്തിന് മടക്കി.

ഓവറിലെ മൂന്നാം പന്തില്‍ ബാസിത് അലിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ താരം, നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ സുഹൈല്‍ ഖാസിയെ ബൗള്‍ഡാക്കിയും അടുത്ത പന്തില്‍ അമീര്‍ സുഹൈലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും മടക്കി.

ഏഴാം നമ്പറിലെത്തിയ അഭിഷേക് സെന്‍ കൗശലിന്റെ അവസാന പന്തില്‍ ചെറുത്തുനിന്നതോടെ ഒരു ഓവറില്‍ പൂജ്യം റണ്ണിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് മണ്ഡല്‍ കൂപ്പുകുത്തി.

അമന്‍ സിങ്ങാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ പ്രദീപ് സിങ് സെന്നിനെ മടക്കിയാണ് അമന്‍ സിങ് തുടങ്ങിയത്. ശേഷിച്ച അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ലാവിഷ് കൗശലിനെ ഫോറടിച്ചുകൊണ്ടാണ് സ്‌ട്രൈക്കിലുണ്ടായിരുന്ന അഭിഷേക് സെന്‍ സ്വീകരിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അഭിഷേകിനെ മടക്കി കൗശല്‍ തിരിച്ചടിച്ചു.

ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ സജന്‍ ബദ്യാല്‍, അമാന്‍, മഹി എന്നിവരെയും മടക്കിയ കൗശല്‍ ആറ് റണ്‍സിന് എതിരാളികളെ ഓള്‍ ഔട്ടാക്കി.

ഒരു മെയ്ഡന്‍ അടക്കം 1.5 ഓവര്‍ പന്തെറിഞ്ഞ്, വെറും നാല് റണ്‍സ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് കൗശല്‍ സ്വന്തമാക്കിയത്.

ഏഴ് റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഹാന ടൈറ്റന്‍സ് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിജയം പിടിച്ചെടുത്തു.

Content Highlight: Lavish Kaushal’s brilliant bowling performance in Kishtwar Premier League

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more