| Friday, 25th September 2026, 3:43 pm

അവര്‍ ബാക്കിവെച്ചുപോയ പൈതൃകമാണ് ഇനി നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്; തുറന്ന് പറഞ്ഞ് ലൗട്ടാരോ മാര്‍ട്ടിനസ്

ശ്രീരാഗ് പാറക്കല്‍

ഇതിഹാസതാരം ലയണല്‍ മെസിയുടെ വിടവാങ്ങല്‍ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് അര്‍ജന്റൈന്‍ ഡിഫന്റര്‍ ലൗട്ടാരോ മാര്‍ട്ടിനസ്. മെസി ഇതുവരെ പോയിട്ടില്ലെന്നും ഞങ്ങള്‍ക്ക് ഇനിയും ഒരു മത്സരം കൂടിയുണ്ടെന്നും ലൗട്ടാരോ പറഞ്ഞു. മാത്രമല്ല ലിയോയും ഒട്ടമെന്‍ഡിയും ഏയ്ഞ്ചല്‍ ഡി മരിയയുമെല്ലാം ബാക്കിവെച്ചുപോയ പൈതൃകമാണ് ഇനി തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അവന്‍ ഇതുവരെ പോയിട്ടില്ല. ഞങ്ങള്‍ക്ക് ഇനിയും ഒരു മത്സരം കൂടിയുണ്ട്. അതിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അവന്‍ ബാക്കിവെച്ചുപോയ പൈതൃകമാണ് ഇനി നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഞങ്ങളോടൊപ്പം പുതുമുഖങ്ങളും ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ പുതിയ സൈക്കിളിലും ചെയ്യുന്നതുപോലെ, നമുക്ക് വീണ്ടും തുടങ്ങേണ്ടതുണ്ട്.

പ്രധാനപ്പെട്ടതും ആവേശം നല്‍കുന്നതുമായ യുവതാരങ്ങള്‍ ടീമിലുണ്ട്. അതേസമയം, ഞങ്ങളില്‍ ചിലര്‍ക്ക് ഇതിനകം രണ്ട് ലോകകപ്പുകളുടെ അനുഭവവുമുണ്ട്. അവസാനം അതാണ് പ്രധാനം ലിയോയും ഒട്ടമെന്‍ഡിയും ഏയ്ഞ്ചല്‍ ഡി മരിയയും ബാക്കിവെച്ച പൈതൃകം മുന്നോട്ട് കൊണ്ടുപോകണം. ഇത് ഞങ്ങള്‍ക്കും തീര്‍ച്ചയായും പ്രധാനപ്പെട്ടൊരു പ്രക്രിയയായിരിക്കും. പതിവുപോലെ ദേശീയ ടീമിനായി ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കും,’ ലൗട്ടാരോ മാര്‍ട്ടിനസ് പറഞ്ഞു.

ലയണല്‍ മെസി

ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

എന്നാല്‍ അവസാനമായി മെസി അര്‍ജന്റീനക്കൊപ്പം വിടവാങ്ങല്‍ മത്സരം കളിക്കും. സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസി ഇടം നേടിയിട്ടുണ്ട്.

ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിന്‍ ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.

2026 ഫിഫ ലോകകപ്പില്‍ മെസിയുടെ മികവില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്പെയ്ന്‍ ചാമ്പ്യന്മാരായത്.

ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്.
ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനായും മെസി മാറിയിരുന്നു.

Content Highlight: Lautaro Martinez Talking About Messi’s Last Match With Argentina

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more