സിംബാബ്‌വേ വുമണ്‍സിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക വുമണ്‍സ് സ്വന്തമാക്കിയിരുന്നു. ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 80 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
പരമ്പരയിലെ നാലാം മത്സരം ഇന്ന് ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. അഭിമാന വിജയം തേടിയാണ് സിംബാബ്‌വേ കളത്തിലിറങ്ങുന്നത്. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരവും വൈറ്റ് വാഷ് ചെയ്യാനാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യം വെക്കുന്നത്.
മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വേ വുമണ്‍സ് 19.3 ഓവറില്‍ 120 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടാണ്. 62 പന്തില്‍ 16 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 126 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം താണ്ഡവമാടിയത്. 203.23 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലോറയുടെ പ്രകടനം. പുറത്താകാതെയായിരുന്നു ക്യാപ്റ്റന്‍ വമ്പന്‍ പ്രകടനം നടത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ലോറയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയ്‌ക്കൊപ്പമാണ് ലോറ സ്ഥാനം പിടിച്ചത്. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ മറികടന്നാണ് ലോറ ഒന്നാം സ്ഥാനത്തേക്ക് ചേക്കേറിയത്.
സ്മൃതി മന്ഥാന (ഇന്ത്യ) – 18 (ടെസ്റ്റ് 2, ഏകദിനം 14, ടി-20 2)
ലോറ വോള്‍വാട്ട (സൗത്ത് ആഫ്രിക്ക) – 18 (ടെസ്റ്റ് 1, ഏകദിനം 13, ടി-20 4)
മെഗ് ലാനിങ് (ഓസ്‌ട്രേലിയ) – 17 (ഏകദിനം 15, ടി-20 2)
മത്സരത്തില്‍ ലോറയ്ക്ക് പുറമെ 51 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ കരാബോ മെസോയും മികവ് പുലര്‍ത്തി. സിംബാബ്‌വേയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മിച്ചല്‍ മവുങ്കയാണ്. 23 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ നിയാണ ഗ്വാന്‍സുറ 23 പന്തില്‍ 28 റണ്‍സും നേടി.
Content Highlight: Laura Wolvaardt In Great Record Achievement With Smriti Mandhana