ഇന്ത്യ വുമണ്‍സിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സൗത്ത് ആഫ്രിക്കയ്ക്ക് വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വുമണ്‍സിനെ സൗത്ത് ആഫ്രിക്ക കീഴടക്കിയത്. ഇതോടെ പരമ്പര സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.
വാണ്ടറസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. എന്നാല്‍ മറുപടിക്കിറങ്ങിയ പ്രോട്ടിയാസ് പെണ്‍പട 16.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 53 പന്തില്‍ 14 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 115 റണ്‍സാണ് താരം അടിച്ചെടുത്തത്. 216.98 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി-20യില്‍ ലോറയുടെ മൂന്നാമത്തെ സെഞ്ച്വറിയാണ്. ശ്രേയങ്ക പാട്ടീലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ലോറയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. മാത്രമല്ല ഓസീസ് താരം മെഗ് ലാനിങ്, ഇന്ത്യന്‍ താരം സ്മൃതി മന്ഥാന എന്നിവര്‍ക്കൊപ്പമാണ് ലോറ റെക്കോഡ് പങ്കിടുന്നത്.
മെഗ് ലാനിങ് (ഓസ്‌ട്രേലിയ) – 17
സ്മൃതി മന്ഥാന (ഇന്ത്യ) – 17
ലോറ വോള്‍വാട്ട് (സൗത്ത് ആഫ്രിക്ക) – 17
ലോറയ്ക്ക് പുറമെ 42 പന്തില്‍ 64* റണ്‍സ് നേടി സുനെ ലൂസ് മികവ് പുലര്‍ത്തി.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 38 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. ഷഫാലി വര്‍മ 46 പന്തില്‍ 64 റണ്‍സും നേടി. മന്ഥാന 37 റണ്‍സിനായിരുന്നു കൂടാരം കയറിയത്.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നൊങ്കുലുകുലേക്കോ മ്ലാബ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നഥൈന്‍ ഡി ക്ലാര്‍ക്ക് ഒരു വിക്കറ്റും നേടി. പരമ്പരയിലെ നാലാം മത്സരം ഏപ്രില്‍ 25ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും.
Content Highlight: Laura Wolvaardt In Great Record Achievement In International Women’s Cricket