വനിതാ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുകയാണ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സാണ് നേടിയത്. മഴ മൂലം തടസപ്പെട്ട മത്സരം 40 ഓവറായി ചുരുക്കിയിരുന്നു.
ടീമിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയാണ് ക്യാപ്റ്റന്‍ ലോറ വാള്‍വാട്ട് മടങ്ങിയത്. ഓപ്പണറായ താരം 82 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 90 റണ്‍സ് നേടിയാണ് പുറത്തായത്. 109.76 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
10 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. വനിതാ ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സൗത്ത് ആഫ്രിക്കന്‍ താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. ഓവറോള്‍ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് ലോറ.
മത്സരത്തില്‍ ലോറയ്ക്ക് പുറമെ മികച്ച പ്രകടനം നടത്തിയത് മരിസാന്‍ കാപ്പാണ്. 43 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം പുറത്താകാതെ നേടിയത്.
അവസാന ഘട്ടത്തില്‍ നദൈന് ഡി ക്ലര്‍ക്ക് 16 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയതോടെ പ്രോട്ടിയാസ് 300 കടക്കുകയായിരുന്നു. മാത്രമല്ല മൂന്നാമതായി ഇറങ്ങിയ സുനെ ലൂസ് 59 പന്തില്‍ 61 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. പാകിസ്ഥാന് വേണ്ടി നഷ്ര സന്ധുവും സദിയ ഇഖ്ബാലും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫാത്തിമ സന ഒരു വിക്കറ്റും നേടി.