സിംബാബ്‌വേ വുമൺസിനെതിരായ അഞ്ച് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക വുമൺസ് സ്വന്തമാക്കിയിരുന്നു. ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മൂന്നാം മത്സരത്തിൽ 80 റൺസിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സൗത്ത് ആഫ്രിക്ക നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വേ വുമൺസ് 19.3 ഓവറിൽ 120 റൺസിൽ ഓൾ ഔട്ട് ആകുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റൻ ലോറ വോൾവാട്ടാണ്. 62 പന്തിൽ 16 ഫോറും നാല് സിക്‌സും ഉൾപ്പെടെ 126 റൺസ് നേടിയ സെഞ്ച്വറി പൂർത്തിയാക്കിയാണ് താരം താണ്ഡവമാടിയത്. 203.23 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ലോറയുടെ പ്രകടനം. പുറത്താകാതെയായിരുന്നു ക്യാപ്റ്റൻ വമ്പൻ പ്രകടനം നടത്തിയത്.
ഇതോടെ ഒരു തകർപ്പൻ റെക്കോഡ് സ്വന്തമാക്കാനും ലോറയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യിൽ 3000 റൺസ് പൂർത്തിയാക്കാനാണ് ലോറയ്ക്ക് സാധിച്ചത്. നിലവിൽ 107 മത്സരത്തിലെ 101 ഇന്നിഘ്‌സിൽ നിന്ന് 3040 റൺസാണ് ലോറ സ്വന്തമാക്കിയത്.
126* റൺസിന്റെ ഉയർന്ന സ്‌കോർ ഉൾപ്പെടെയാണ് താരം മിന്നും മൈൽസ്റ്റോണിലെത്തിയത്. 38.48 എന്ന ആവറേജിലും 123.12 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അന്താരാഷ്ട്ര ടി-20യിൽ ഈ നാഴികക്കല്ലിലെത്തുന്ന 17ാം താരമാണ് ലോറ.
മത്സരത്തിൽ ലോറയ്ക്ക് പുറമെ 51 പന്തിൽ 50 റൺസ് നേടി പുറത്താകാതെ കരാബോ മെസോയും മികവ് പുലർത്തി. സിംബാബ് വേയ്ക്ക് വേണ്ടി ഉയർന്ന സ്‌കോർ നേടിയത് മിച്ചൽ മവുങ്കയാണ്. 23 പന്തിൽ 41 റൺസാണ് താരം നേടിയത്. ഓപ്പണർ നിയാണ ഗ്വാൻസുറ 23 പന്തിൽ 28 റൺസും നേടി.
അതേസമയം പരമ്പരയിലെ നാലാം മത്സരം ഇന്ന് ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും. അഭിമാന വിജയം തേടിയാണ് സിംബാബ്‌വേ കളത്തിലിറങ്ങുന്നത്. എന്നാൽ ശേഷിക്കുന്ന രണ്ട് മത്സരവും വൈറ്റ് വാഷ് ചെയ്യാനാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യം വെക്കുന്നത്.
Content Highlight: Laura Wolvaardt create a historical record in Women’s T20