| Sunday, 4th October 2026, 12:27 pm

ഗസ: ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് അനുശോചനം അറിയിച്ച് ലാറ്റിന്‍ പാത്രിയാര്‍ക്കീസ്

റെന്വര്‍ പി

ഗസ സിറ്റി: ഗസ സിറ്റിയില്‍ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഫലസ്തീന്‍ ക്രിസ്ത്യന്‍ സ്ത്രീകളുടെ മരണത്തില്‍ ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച രണ്ട് ക്രിസ്ത്യന്‍ സ്ത്രീകളുടെ കുടുംബാംഗങ്ങളെ പിസാബല്ല അനുശോചനം അറിയിച്ചതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗസ സിറ്റിയിലെ റിമാല്‍ പ്രദേശത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിനു നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ക്രൈസ്തവ കുടുംബത്തിലെ ഒരു അമ്മയും മകളും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റ് മൂന്ന് പേര്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അനഡോളു റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടന്നു. ഗസ സിറ്റിയിലെ സെന്റ് പോര്‍ഫിറിയസ് പള്ളിയിലായിരുന്നു ചടങ്ങുകള്‍.

നേരത്തെ ശനിയാഴ്ച, ഗസ സിറ്റിയിലെ പോര്‍ഫിറിയോസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും ഈ രണ്ട് ക്രിസ്ത്യന്‍ സ്ത്രീകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പള്ളിയും വിശ്വാസികളും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഏറ്റവും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നതായി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കല്‍ വികാരി ബിഷപ്പ് അലക്‌സിയോസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലുടെയായിരുന്നു പ്രതികരണം.

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെയാണ് ഈ ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം മാത്രം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 1,400-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 5,000-ത്തിലധികം പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2023 ഒക്ടോബര്‍ മുതല്‍, ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 74,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,75,000-ത്തിലധികം പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുള്ളത്.

Content Highlight: Latin Patriarch of Jerusalem mourns 2 Christian women killed by Israel in Gaza

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more