| Saturday, 10th January 2026, 12:25 pm

കൊച്ചി മേയര്‍ സ്ഥാനം കിട്ടാന്‍ ലത്തീന്‍ സഭ ഇടപെട്ടു; സ്ഥിരീകരിച്ച് വി.കെ. മിനിമോള്‍

രാഗേന്ദു. പി.ആര്‍

എറണാകുളം: ലത്തീന്‍ സഭയുടെ ഇടപെടലുകൊണ്ടാണ് കൊച്ചി മേയര്‍ സ്ഥാനം ലഭിച്ചതെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോള്‍. സഭയിലെ എല്ലാ പിതാക്കന്മാരും തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്നും മിനിമോള്‍ പറഞ്ഞു. 46ാം കെ.ആര്‍.എല്‍സി.സി ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മേയര്‍.

‘ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കാരണമാണ്. ആ ഉറച്ച ശബ്ദത്തിന്റെ തെളിവാണ് എന്റെ ഈ കൊച്ചി മേയറെന്ന പദവി. കാരണം നമുക്ക് എല്ലാവര്‍ക്കുമറിയാം. അര്‍ഹതയ്ക്കപ്പുറമുള്ള പല സ്ഥാനങ്ങളും മറ്റും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദമുയര്‍ത്താന്‍ നമ്മുടെ സംഘടനാ ശക്തിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണിത്. എല്ലാ പിതാക്കന്മാരും എനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്നാണ് അറിയാം. അതില്‍ നന്ദി രേഖപ്പെടുത്തുകയാണ്,’ വി.കെ. മിനിമോള്‍ പറഞ്ഞു.

പാലാരിവട്ടം ഡിവിഷനില്‍ നിന്നും വിജയിച്ചാണ് മിനിമോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ എത്തിയത്. കൊച്ചിയിൽ രണ്ട് ടേമുകളിലായി മേയര്‍ സ്ഥാനം പങ്കിടാനായിരുന്നു ധാരണ. മിനിമോള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ഷൈനി മാത്യു മേയറാകും.

എന്നാല്‍ ആദ്യഘട്ടം മുതല്‍ക്കേ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിനെയാണ്. പക്ഷേ അപ്രതീക്ഷിതമായി മിനിമോളെയാണ് നേതൃത്വം മേയറായി പ്രഖ്യാപിച്ചത്.

ഇതിനിടെ മിനിമോള്‍ക്കും ഷൈനിയ്ക്കും വേണ്ടി ലത്തീന്‍സഭയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലത്തീൻ സഭയുടെ അല്‍മായ സംഘടനാ നേതാക്കൾ ഈ ആവശ്യം പരസ്യമായും ഉന്നയിച്ചിരുന്നു. പക്ഷേ എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ സഭയുടെ ഇടപെടൽ തള്ളിയിരുന്നു.

കൊച്ചി കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 47 കൗണ്‍സിലര്‍മാരില്‍ 18 പേര്‍ ലത്തീന്‍ സഭക്കാരാണ്. ഈ പ്രാതിനിധ്യമാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായത്.

മേയര്‍ സ്ഥാനം കിട്ടാതായതോടെ അതൃപ്തി അറിയിച്ച ദീപ്തി മേരി വര്‍ഗീസ് പിന്നീട് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായി സമവായത്തില്‍ എത്തിയിരുന്നു. എന്നാൽ മേയര്‍ തെരഞ്ഞെടുപ്പ് രീതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു.  ഈ പരാതി നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.

Content Highlight: Latin Church intervened to get Kochi Mayor’s post; V.K. Minimol confirms

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more