| Friday, 18th July 2025, 3:19 pm

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഇന്ന് (വെളളി) നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ (ശനി) അഞ്ച് ജില്ലകളില്‍ റെഡ് ആലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ അതിതീവ്ര മഴയുണ്ടാകും. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

വരും ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകള്‍

19/07/2025: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.
20/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
21/07/2025: കണ്ണൂര്‍, കാസര്‍ഗോഡ്

അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ (19/07/2025) പുലര്‍ച്ചെ 02.30 മുതല്‍ രാത്രി 08.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.

നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: latest weather updates in kerala, red alert

We use cookies to give you the best possible experience. Learn more