തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ശനി) മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ ഔദ്യോഗികമായി അറിയിച്ചു.
എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ജൂലൈ 26) അവധിയായിരിക്കും. അംഗനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ഈ അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതിശക്തമായ മഴ കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, അംഗനവാടികള്‍, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും അറിയിച്ചു.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 27ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
അതേസമയം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് മുതല്‍ 27/07/2025 രാത്രി 08.30 വരെ 2.8 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Content Highlight: latest weather updates in keralam