| Sunday, 22nd February 2026, 6:30 am

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇത് 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.

ഇന്നലെ (ശനി) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വെള്ളക്കെട്ട് ഉള്‍പ്പെടെ ഉണ്ടായി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴയാണ് ഉണ്ടായത്.

കേരളത്തില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ 25 വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

ഇടിമിന്നല്‍ സാധ്യത മനസിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈല്‍ ആപ്പ് ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Yellow alert in three districts of Kerala today

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more