| Saturday, 11th October 2025, 3:20 pm

മഴ കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഇന്ന് (ശനി) മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ (ഞായര്‍) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടുള്ള ജില്ലകള്‍

13/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്
14/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി
15/10/2025: എറണാകുളം, ഇടുക്കി

സംസ്ഥാനത്ത മഴ ശക്തമായ സാഹചര്യത്തില്‍ മത്സ്യബന്ധത്തിനും വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ തീര മേഖലകളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ കന്യാകുമാരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാനമായ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കാണ് സാധ്യത.

കേരളത്തില്‍ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: latest weather updates in kerala

We use cookies to give you the best possible experience. Learn more