| Tuesday, 10th March 2026, 7:04 pm

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുടെ മുന്നറിയിപ്പ്.

ഇറാനിയന്‍ ജനത യു.എസിന്റെ പൊള്ളയായ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും ലാരിജാനി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികള്‍ക്കിടെയാണ് ലാരിജാനിയുടെ മുന്നറിയിപ്പ്.

‘നിങ്ങളേക്കാള്‍ വലിയവര്‍ ഇറാനിയന്‍ ജനതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു. എന്നിട്ടോ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ സ്വയം നശിച്ചുപോകാതിരിക്കാന്‍ സൂക്ഷിക്കുക,’ ലാരിജാനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തലാക്കുന്നത് തുടര്‍ന്നാല്‍ അത് ഇറാനെ ഇരുപത് മടങ്ങ് കഠിനമായി ബാധിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഭീഷണിയും ഇറാനിലെ ആക്രമണവുമെല്ലാം യു.എസിന് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യ, പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ധനക്ഷാമം നേരിടുന്നുണ്ട്. പാകിസ്ഥാനിലെ ഭൂരിഭാഗം സ്‌കൂളുകളും ഇന്ധനക്ഷാമത്തെ തുടര്‍ന്ന് അടച്ചു. ഇന്ത്യയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി എല്‍.പി.ജി വിതരണം പരിമിതപ്പെടുത്തി. ഇതോടെ രാജ്യത്തെ ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി.

ഇതിനിടെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. ഉപാധികളോടെയായിരിക്കും ഇറാനുമായുള്ള ചര്‍ച്ചയെന്ന് ട്രംപിനെ ഉദ്ധരിച്ച് യു.എസ് ബ്രോഡ്കാസ്റ്റര്‍ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ സമാധാനത്തോടെ ജീവിക്കുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസിലൂടെയുള്ള എണ്ണ വ്യാപാരം തടഞ്ഞാല്‍ ഇറാന്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ഹെഗ്സെത്തിന്റെയും ഭീഷണിയുണ്ട്. ഇറാനെതിരായ യുദ്ധത്തില്‍ റഷ്യ ഇടപെടരുതെന്നും ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി.

Content Highlight: Larijani says risks destruction if it doesn’t take care of its own affairs; Trump says he’s ready for talks

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more