| Monday, 16th November 2026, 10:32 am

മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ച; ഛഠ് പൂജയ്ക്ക് പിന്നാലെ കൊല്‍ക്കത്തയിലെ വായുനിലവാരം മോശം വിഭാഗത്തില്‍

നിഷാന. വി.വി

കൊല്‍ക്കത്ത: ഛഠ് ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കം പൊട്ടിക്കലും ആഘോഷങ്ങളും കൊല്‍ക്കത്തയിലെ വായു നിലവാരം വഷളാക്കുന്നു. നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളില്‍ വായുനിലവാര സൂചിക ‘മോശം’ വിഭാഗത്തിലേക്ക് താഴ്ന്നതായി പശ്ചിമ ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

രവീന്ദ്ര ഭാരതി സര്‍വകലാശാല പരിധിയില്‍ വായുനിലവാര സൂചിക 219 മുതല്‍ 236 വരെ രേഖപ്പെടുത്തി. വിക്ടോറിയ മെമ്മോറിയല്‍ പരിസരത്ത് ഇത് 212 മുതല്‍ 218-ഓളം ആയി ഉയര്‍ന്നു. ബാലിഗഞ്ച് (161), ബിധാനഗര്‍/സാള്‍ട്ട് ലേക്ക് (146) തുടങ്ങിയ പ്രദേശങ്ങളില്‍ എ.ക്യൂ.ഐ നിലവാരം ‘മിതമായ’ വിഭാഗത്തിലാണ്. ഫോര്‍ട്ട് വില്യം, ജാദവ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും വായു മലിനീകരണ തോത് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

201 നും 300 നും ഇടയിലുള്ള എ.ക്യൂ.ഐ ‘മോശം’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം പുറത്തുനില്‍ക്കുന്നത് ശ്വാസതടസത്തിനും, പ്രത്യേകിച്ച് ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗംഗാ തീരങ്ങളിലും മറ്റ് ജലാശയങ്ങളിലും വന്‍തോതില്‍ ഭക്തര്‍ ഒത്തുകൂടി ഛഠ് പൂജ ചടങ്ങുകള്‍ അനുഷ്ഠിച്ചു വരികയാണ്. ഇതിനിടയില്‍ ചിലയിടങ്ങളില്‍ പടക്കം പൊട്ടിച്ചതും, തണുപ്പുകാലമായതിനാല്‍ അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കുറഞ്ഞ് മലിനീകരണ കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതുമാണ് വായുവിന്റെ ഗുണനിലവാരം പെട്ടെന്ന് വഷളാകാന്‍ കാരണം.

തുടര്‍ച്ചയായി വരുന്ന ഉത്സവങ്ങളും ആഘോഷങ്ങളും കൊല്‍ക്കത്തയുടെ അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ‘സബൂജ് മഞ്ച’യുടെ ജനറല്‍ സെക്രട്ടറി നബ ദത്ത ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ദീപാവലിയിലെ കനത്ത മലിനീകരണത്തിന് പിന്നാലെ ഛഠ് പൂജ വേളയിലും വായു മലിനീകരണം വര്‍ധിക്കുന്നത് നഗരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡും പൊലീസും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

Content Highlight: Lapses in pollution control; air quality in Kolkata falls into the ‘poor’ category following Chhath Puja.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more