കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. ഒരു അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. കെട്ടിടനിർമാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മൂന്ന് അതിഥി തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അതിലൊരാളാണ് മണ്ണിനടിയിൽ പെട്ടുപോയത്.
അപകടം നടന്നപ്പോൾ തന്നെ രണ്ടുപേർക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചുവെങ്കിലും മൂന്നാമത്തെ വ്യക്തി മണ്ണിനടിയിൽ പെടുകയായിരുന്നു. കോപ്പർ ഫോളിയോ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
രക്ഷാപ്രവർത്തനം നടക്കുമ്പോഴും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയിരിക്കുകയാണ്.
ഫ്ലാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും തങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. അശാസ്ത്രീയമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
Content Highlight: Landslide on Kozhikode bypass; one person trapped underground