ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങി പത്തൊമ്പതോളം തൊഴിലാളികള്‍. 19 തൊഴിലാളികളില്‍ എട്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
പിത്തോറഗഡിലെ ധൗലിഗംഗ പവര്‍ പ്രോജക്റ്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുരങ്കത്തിനുള്ളില്‍ തുടരുന്ന 11 പേര്‍ സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് വന്നടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കം ചെയ്താല്‍ തൊഴിലാളികളെ പുറത്തിറക്കാന്‍ കഴിയുമെന്ന് ധാര്‍ച്ചുല ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര വര്‍മ പറഞ്ഞു.
അപകടമുണ്ടായാണെങ്കിലും വൈദ്യുതി തടസപ്പെട്ടിട്ടില്ലെന്നും മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഇപ്പോഴും മണ്ണിടിയുന്നുണ്ടെന്നും എന്നാല്‍ പവര്‍ ഹൗസിലേക്കുള്ള വഴി തുറന്നാല്‍ തൊഴിലാളികളെ പുറത്തിറക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതുവരെ എട്ട് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത് ആശ്വാസകരമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡി.എം. ഗോസ്വാമി പറഞ്ഞു. ബാക്കിയുള്ള പതിനൊന്ന് തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും തുരങ്കത്തിനുള്ളില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ച വ്യാജവാര്‍ത്തകള്‍ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് തള്ളുകയും ചെയ്തു.
ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഒഴുകിയെത്തിയ കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പെടെ പവര്‍ ഹൗസിന്റെ കവാടം തടസപ്പെടുത്തിയതാണ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങാന്‍ കാരണമായത്.
നിലവില്‍ സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (NDRF), കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (CISF), ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO), NHPC ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Content Highlight: Landslide; 11 workers trapped in tunnel in Uttarakhand